
ന്യൂയോർക്ക്: അമേരിക്കയിലെ പ്രശസ്തമായ ന്യൂയോർക്ക് സിറ്റി സെൻട്രൽ പാർക്കിൽ അറുപതുകാരിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ ഒൻപതരയോടെയാണ് പാർക്കിലെ നടപ്പാതയ്ക്ക് സമീപം രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
പാർക്കിലെ ഈസ്റ്റ് ഡ്രൈവിനും ഈസ്റ്റ് 74-ാം സ്ട്രീറ്റിനും സമീപമുള്ള വഴിയിലൂടെ നടന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ ഇവർ അടിയന്തര വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സ്ത്രീ മരണപ്പെട്ടിരുന്നു. ഇവരുടെ ശരീരത്തിൽ നിരവധി കുത്തേറ്റ മുറിവുകളുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ട സ്ത്രീയുടെ പേരുവിവരങ്ങളോ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. ന്യൂയോർക്ക് സിറ്റി മെഡിക്കൽ എക്സാമിനർ ഓഫീസിൽ നടക്കുന്ന പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Murder shocks New York; 60-year-old woman stabbed to death in Central Park.















