‘ദയാവധം വ്യാജ കാരുണ്യം, നിയമപരമായതെല്ലാം ധാർമ്മികമാകണമെന്നില്ല’; ഫ്രാൻസിൽ കടുത്ത നിലപാടുമായി മാർപ്പാപ്പ

ലൂർദ് (ഫ്രാൻസ്): നിയമപരമായി അനുമതി നൽകിയാലും ദയാവധം ധാർമ്മികമായി തെറ്റാണെന്നും, അത് ‘വ്യാജ അനുകമ്പ’ മാത്രമാണെന്നും ലിയോ പതിനാലാമൻ മാർപ്പാപ്പ. രോഗശാന്തിക്ക് പേരുകേട്ട ഫ്രാൻസിലെ പ്രശസ്തമായ ലൂർദ് തീർത്ഥാടന കേന്ദ്രം സന്ദർശിക്കവെ, ഞായറാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ ജീവന് മേലുള്ള കത്തോലിക്കാ സഭയുടെ പരമ്പരാഗത പഠനങ്ങളെ മാർപ്പാപ്പ ഒരിക്കൽക്കൂടി ശക്തമായി പിന്തുണച്ചു.

തന്റെ ഫ്രാൻസ് സന്ദർശനത്തിന്റെ മൂന്നാം ദിവസമാണ് ആഗോളതലത്തിൽ വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്ന ദയാവധ വിഷയത്തിൽ അമേരിക്കൻ വംശജനായ മാർപ്പാപ്പ നിലപാട് വ്യക്തമാക്കിയത്. മാറാരോഗങ്ങളാൽ ബുദ്ധിമുട്ടുന്ന മുതിർന്ന വ്യക്തികൾക്ക് സ്വയം മരണം വരിക്കാനുള്ള മാരക ഔഷധങ്ങൾ നൽകാൻ അനുവാദം നൽകുന്ന നിയമം ഫ്രാൻസിൽ അടുത്തിടെ പാസാക്കിയിരുന്നു. ഇതിനെതിരെയാണ് മാർപ്പാപ്പ രംഗത്തെത്തിയത്.

ലൂർദിലെ പ്രധാന ബസിലിക്കയ്ക്ക് സമീപമുള്ള മൈതാനത്ത് നടന്ന വിശുദ്ധ കുർബാനയിൽ വീൽചെയറുകളിൽ എത്തിയ രോഗികൾ ഉൾപ്പെടെ ഒന്നരലക്ഷത്തോളം പേർ പങ്കെടുത്തു. തുടർന്ന് സങ്കേതത്തിലെ രോഗീപരിചരണ കേന്ദ്രവും അദ്ദേഹം സന്ദർശിച്ചു. കഠിനമായ വേദനയിലൂടെ കടന്നുപോകുന്ന രോഗികൾക്ക് യാതൊരു നിയമത്തിനോ അൽഗോരിതത്തിനോ ഇല്ലാതാക്കാൻ കഴിയാത്ത അന്തസ്സുണ്ടെന്ന് മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

“മനുഷ്യന്റെ അലംഘനീയമായ അന്തസ്സിന്റെ പേരിൽ, വ്യാജ അനുകമ്പയുടെ മറവിൽ മരണം അടിച്ചേൽപ്പിക്കാനുള്ള പ്രലോഭനങ്ങളെ നാം തള്ളിക്കളയണം. നിയമപരം ആയതുകൊണ്ട് മാത്രം ഒരു കാര്യം ധാർമ്മികമാകണമെന്നില്ല,” മാർപ്പാപ്പ പറഞ്ഞു.

ഗർഭച്ഛിദ്രം, ദയാവധം എന്നിവയോടുള്ള കത്തോലിക്കാ സഭയുടെ ശക്തമായ എതിർപ്പും, ജീവൻ അതിന്റെ സ്വാഭാവിക അന്ത്യം വരെ സംരക്ഷിക്കപ്പെടണമെന്ന സന്ദേശവും ഫ്രാൻസ് സന്ദർശനത്തിലുടനീളം അദ്ദേഹം ഊന്നിപ്പറഞ്ഞു. പാരിസിലെ പ്ലേസ് ഡി ലാ കോൺകോർഡിൽ നടന്ന മാർപ്പാപ്പയുടെ വിശുദ്ധ കുർബാനയിൽ എട്ടു ലക്ഷത്തോളം പേരാണ് പങ്കെടുത്തത്.

സഭയിലെ വൈദിക ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ ഏഴ് പേരുമായി മാർപ്പാപ്പ ഞായറാഴ്ച കൂടിക്കാഴ്ച നടത്തി. വൈദികരുടെ കുറവിന് പിന്നിൽ ഇത്തരം വിവാദങ്ങൾ കാരണമായിട്ടുണ്ടെന്ന് ഫ്രഞ്ച് മെത്രാന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം സമ്മതിച്ചു. ഇരകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ഫ്രഞ്ച് സഭയുടെ തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇതിനോടകം 20 മില്യൺ യൂറോയിലധികം (ഏകദേശം 22.7 മില്യൺ ഡോളർ) നഷ്ടപരിഹാരമായി ഫ്രഞ്ച് സഭ ശുപാർശ ചെയ്തിട്ടുണ്ട്.

ലൈംഗിക അതിക്രമ കേസിൽ വത്തിക്കാൻ കോടതിയിൽ വിചാരണ നേരിടുന്ന മുൻ ജെസ്യൂട്ട് കലാകാരൻ മാർക്കോ റുപ്നിക്കിന്റെ ലൂർദ് ബസിലിക്കയിലെ മൊസൈക് ചിത്രങ്ങൾ മഞ്ഞത്തിരശ്ശീലയിട്ട് മറച്ച നിലയിലായിരുന്നു. ഇരകളുടെ വികാരങ്ങൾ മാനിച്ചുകൊണ്ട് ഫ്രഞ്ച് ബിഷപ്പ് ജീൻ-മാർക്ക് മിക്കാസ് എടുത്ത ഈ തീരുമാനത്തെ പ്രശംസിച്ച് റുപ്നിക്കിന്റെ പീഡനത്തിന് ഇരയായ അഞ്ച് സ്ത്രീകൾ മാർപ്പാപ്പയ്ക്ക് കത്തയച്ചിരുന്നു. എന്നാൽ കേസ് കൈകാര്യം ചെയ്യുന്നതിൽ വത്തിക്കാന് ദശകങ്ങളുടെ താമസം നേരിട്ടതിനെ ഇവർ വിമർശിക്കുകയും ചെയ്തു.

Euthanasia is ‘false compassion’: Pope Leo XIV reiterates the Catholic Church’s stance in France.

More Stories from this section

family-dental
witywide