തിരഞ്ഞെടുപ്പ് തോൽവി മാത്രമല്ല, സുപ്രീം കോടതിയുടെ ഭാവിയിൽ ആശങ്കപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ടി; ജസ്റ്റിസ് അലിറ്റോയും തോമസും വിരമിച്ചേക്കില്ലെന്ന് സൂചന

വാഷിംഗ്ടൺ: മിഡ്‌ടേം തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ കനത്ത പരാജയത്തിന് പിന്നാലെ, സുപ്രീം കോടതിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളിൽ വലഞ്ഞ് കൺസർവേറ്റീവ് പക്ഷം. കോടതിയിലെ പ്രായം കൂടിയ ജസ്റ്റിസുമാരായ സാമുവൽ അലിറ്റോയും ക്ലാറൻസ് തോമസും പദവിയിൽ നിന്ന് ഒഴിയാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകളാണ് റിപ്പബ്ലിക്കൻ ക്യാമ്പുകളിൽ ആശങ്ക പരത്തുന്നത്. തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ ഇരുവരും വിരമിക്കൽ പ്രഖ്യാപിക്കാൻ സാധ്യതയില്ലെന്ന് ഇവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

ഡെമോക്രാറ്റുകൾ സെനറ്റിന്റെ നിയന്ത്രണം പിടിച്ചെടുത്തതോടെ, ഭാവിയിൽ സുപ്രീം കോടതിയിലെ 6-3 കൺസർവേറ്റീവ് ഭൂരിപക്ഷം നിലനിർത്താൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ലഭിക്കേണ്ടിയിരുന്ന അവസരമാണ് നഷ്ടമായിരിക്കുന്നത്. അടുത്ത റിപ്പബ്ലിക്കൻ പ്രസിഡന്‍റ് അധികാരത്തിൽ വരുമ്പോഴേക്കും ജസ്റ്റിസ് അലിറ്റോയ്ക്ക് 76 വയസും ജസ്റ്റിസ് തോമസിന് 78 വയസുമാകും. ഇവർക്ക് പകരം പുതിയ കൺസർവേറ്റീവ് ജസ്റ്റിസുമാരെ നിയമിക്കുന്നത് വൈകാൻ ഇത് കാരണമാകും.

കോടതിയുടെ നിലവിലെ ടേം ഒക്ടോബറിൽ ആരംഭിക്കുന്നതിന് മുൻപ് തന്നെ തങ്ങൾ ഉടൻ വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അലിറ്റോയും തോമസും വ്യക്തമാക്കയിരുന്നു. മുൻപ് ഡെമോക്രാറ്റുകൾ അധികാരത്തിലിരുന്ന സമയത്ത് വിരമിക്കാൻ തയ്യാറാകാതിരുന്ന ലിബറൽ ജസ്റ്റിസ് റൂത് ബാഡർ ഗിൻസ്‌ബർഗിന്റെ അവസ്ഥയുമായാണ് പലരും നിലവിലെ സാഹചര്യത്തെ താരതമ്യം ചെയ്യുന്നത്. ഗിൻസ്‌ബർഗിന്റെ ആ തീരുമാനമാണ് പിന്നീട് ട്രംപിന് ആമി കോണി ബാരറ്റിനെ സുപ്രീം കോടതിയിൽ നിയമിക്കാൻ അവസരമൊരുക്കിയതും, കോടതിയിൽ കൺസർവേറ്റീവ് ഭൂരിപക്ഷത്തിന് വഴിയൊരുക്കിയതും. തിരഞ്ഞെടുപ്പ് തോൽവിയുടെ ആഘാതത്തിൽ നിന്നു കരകയറാൻ ശ്രമിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക് സുപ്രീം കോടതിയുടെ കാര്യത്തിലുള്ള ഈ അനിശ്ചിതത്വം വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

More Stories from this section

family-dental
witywide