വിരമിക്കൽ പ്രായം കുറയ്ക്കാൻ ലക്ഷ്യമിട്ട് ബ്ലൂ കോളർ ബിൽ, നിർമ്മാണ-ആരോഗ്യ രംഗത്തെ തൊഴിലാളികൾക്ക് 60-ാം വയസിൽ മുഴുവൻ പെൻഷനും; പുതിയ ബില്ലുമായി യുഎസ് പ്രതിനിധി

വാഷിം​ഗ്ടൺ: അമേരിക്കയിൽ സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്നതിനുള്ള പ്രായപരിധി വർദ്ധിപ്പിക്കണമെന്ന് വിവിധ നിർദ്ദേശങ്ങൾ ഉയരുന്നതിനിടയിൽ, വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി വിരമിക്കൽ പ്രായം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ബില്ല് അവതരിപ്പിച്ചു. നിർമ്മാണ മേഖല, നഴ്സിംഗ്, മാനുഫാക്ചറിംഗ് തുടങ്ങിയ കായിക അധ്വാനം കൂടുതലുള്ള ജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ വിരമിക്കൽ പ്രായം 60 ആയി കുറയ്ക്കുന്ന ‘ബ്ലൂ കോളർ സോഷ്യൽ സെക്യൂരിറ്റി ഫെയർനസ് ആക്ട്’ മിഷിഗണിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ഹേലി സ്റ്റീവൻസ് ആണ് അവതരിപ്പിച്ചത്. ഈ നിയമം നടപ്പിലായാൽ ഇത്തരം തൊഴിലാളികൾക്ക് നിലവിലുള്ള നിയമത്തേക്കാൾ ഏഴ് വർഷം മുമ്പ് തന്നെ മുഴുവൻ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും കൈപ്പറ്റാൻ സാധിക്കും.

നിലവിൽ 1960-ന് ശേഷം ജനിച്ച അമേരിക്കക്കാർക്ക് 67-ാം വയസ്സിലാണ് മുഴുവൻ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും ലഭിക്കുന്നത്. തൊഴിലാളികൾക്ക് 62-ാം വയസ്സിൽ തന്നെ പെൻഷൻ വാങ്ങിതുടങ്ങാമെങ്കിലും ആനുകൂല്യങ്ങളിൽ 30 ശതമാനത്തിന്റെ കുറവ് ഉണ്ടാകും (63-നും 66-നും ഇടയിലുള്ള പ്രായത്തിൽ ഈ കുറവ് ക്രമേണ കുറഞ്ഞുവരും). എന്നാൽ 60-കളിലും കഠിനാധ്വാനം ചെയ്യാൻ പ്രയാസപ്പെടുന്ന ബ്ലൂ-കോളർ തൊഴിലാളികളെ സഹായിക്കുന്നതിന് വിരമിക്കൽ പ്രായം കുറയ്ക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് ഹേലി സ്റ്റീവൻസ് വ്യക്തമാക്കി. കൈകൊണ്ട് ജോലി ചെയ്യുന്ന മിഷിഗണിലെ തൊഴിലാളികൾ തങ്ങളുടെ ശരീരം തളരുന്നതുവരെ വിരമിക്കാനായി കാത്തിരിക്കേണ്ടി വരരുതെന്ന് വാഷിംഗ്ടണിൽ ബില്ല് അവതരിപ്പിച്ചുകൊണ്ട് അവർ പറഞ്ഞു.

സാമൂഹിക സുരക്ഷാ പദ്ധതിയിലേക്ക് ലഭിക്കുന്ന വരുമാനത്തേക്കാൾ ചെലവ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഫണ്ട് എങ്ങനെ കണ്ടെത്താമെന്നതിനെക്കുറിച്ചുള്ള വിശാലമായ പൊതുചർച്ചകൾക്കിടയിലാണ് ഈ ബില്ല് അവതരിപ്പിച്ചിരിക്കുന്നത്. വിരമിച്ച തൊഴിലാളികൾക്കും മരിച്ച തൊഴിലാളികളുടെ ആശ്രിതർക്കും ആനുകൂല്യങ്ങൾ നൽകുന്ന പ്രധാന ട്രസ്റ്റ് ഫണ്ട് 2032 അവസാനത്തോടെ കാലഹരണപ്പെടുമെന്നാണ് ഏറ്റവും പുതിയ സാമൂഹിക സുരക്ഷാ ട്രസ്റ്റി റിപ്പോർട്ട് പ്രവചിക്കുന്നത്. ഇത് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളിൽ 20 ശതമാനത്തിലധികം വെട്ടിക്കുറയ്ക്കുന്നതിന് കാരണമായേക്കാം. ജനുവരിയിലെ കണക്കുകൾ പ്രകാരം ശരാശരി വിരമിച്ച തൊഴിലാളിക്ക് മാസം 2,071 ഡോളറാണ് സാമൂഹിക സുരക്ഷാ ആനുകൂല്യമായി ലഭിക്കുന്നത്.

Also Read

More Stories from this section

family-dental
witywide