
മിസോറി: ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കൂടുതൽ സീറ്റുകൾ ഉറപ്പാക്കുന്ന രീതിയിൽ പുനർനിർണ്ണയിച്ച മിസോറിയുടെ പുതിയ തെരഞ്ഞെടുപ്പ് മാപ്പ് ഉപയോഗിക്കുന്നതിൽ നിന്ന് സംസ്ഥാനത്തെ സുപ്രീം കോടതി വീണ്ടും തടഞ്ഞു. നവംബർ മൂന്നിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ 2022-ൽ അംഗീകരിച്ച ഹൗസ് ജില്ലാ അതിർത്തികൾ തന്നെ ഉപയോഗിക്കാൻ സുപ്രീം കോടതിയുടെ ഈ ഉത്തരവ് വഴിതുറന്നു.
പഴയ മാപ്പ് പ്രകാരമുള്ള ബാലറ്റ് പേപ്പറുകൾ ഇതിനോടകം തന്നെ മിസോറിയിലെ വോട്ടർമാർക്കും, വിദേശത്തുള്ളവർക്കും, സൈനികർക്കും അച്ചടിച്ചു അയച്ചുകഴിഞ്ഞിട്ടുണ്ട്. കൂടാതെ തപാൽ വോട്ടെടുപ്പ് ഈ ആഴ്ച ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വോട്ടെടുപ്പ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞതായും, നിലവിലുള്ള തെരഞ്ഞെടുപ്പിനിടയിൽ മാപ്പ് മാറ്റുന്നത് വലിയ ആശയക്കുഴപ്പങ്ങൾക്ക് കാരണമാക്കുമെന്നും യാതൊരു വിയോജിപ്പുകളും രേഖപ്പെടുത്താത്ത ഒപ്പിടാത്ത ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കി. മിസോറിയിലെ 2026-ലെ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ 2022-ലെ മാപ്പ് ഉപയോഗിക്കുന്നത് കീഴ്ക്കോടതികൾ തടയുകയോ വിലക്കുകയോ ചെയ്യരുതെന്നും കോടതി കൂട്ടിച്ചേർത്തു.
മിസോറിയുടെ കോൺഗ്രസ് മാപ്പുമായി ബന്ധപ്പെട്ട നിയമപോരാട്ടം ചൊവ്വാഴ്ച വൈകിയാണ് മൂന്നാം തവണയും സുപ്രീം കോടതിയിലെത്തിയത്. റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള സംസ്ഥാന നിയമസഭ കഴിഞ്ഞവർഷം മാറ്റിയെഴുതിയ പുതിയ ജില്ലാ അതിർത്തികൾ തന്നെ ഉപയോഗിക്കണമെന്ന് ഫെഡറൽ അപ്പീൽ കോടതി ഉത്തരവിട്ടതിനെത്തുടർന്നാണിത്. പ്രസിഡന്റ് ട്രംപിന്റെ പിന്തുണയുള്ള ഈ 2025-ലെ മാപ്പ് പ്രകാരം സംസ്ഥാനത്തെ എട്ട് ഹൗസ് ജില്ലകളിൽ ഏഴിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് മേൽക്കൈ ലഭിക്കുമായിരുന്നു. നിലവിൽ ആറ് റിപ്പബ്ലിക്കൻ അംഗങ്ങളും രണ്ട് ഡെമോക്രാറ്റിക് അംഗങ്ങളുമാണ് സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നത്.
എന്നാൽ നവംബർ 3-ലെ പൊതുതെരഞ്ഞെടുപ്പിൽ പുതിയ പ്ലാൻ ഉപയോഗിക്കുന്നതിൽ നിന്ന് മിസോറിയെ സുപ്രീം കോടതി ഇതിനുമുമ്പ് രണ്ടുതവണ തടഞ്ഞിരുന്നു. ആദ്യം ജസ്റ്റിസ് ബ്രെറ്റ് കവാനോഗ് വ്യക്തിപരമായി ഇടപെട്ടാണ് പുതിയ മാപ്പ് ഉപയോഗിക്കുന്നത് തടഞ്ഞത്. തുടർന്ന് പുതിയ വോട്ടിംഗ് അതിർത്തികൾ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതിയുടെ മറ്റൊരു അടിയന്തര അപ്പീൽ കോടതിയിലെത്തിയെങ്കിലും സുപ്രീം കോടതി അതും തടയുകയായിരുന്നു.
എന്നാൽ ഈ കേസ് അവിടെ അവസാനിച്ചില്ല. മിസോറി 2022-ലെ ഹൗസ് അതിർത്തികൾ ഉപയോഗിക്കാനുള്ള തീരുമാനം ഭരണഘടനയ്ക്ക് എതിമാണെന്ന് യു.എസ് കോർട്ട് ഓഫ് അപ്പീൽ ഫോർ ദി എയ്ത് സർക്യൂട്ട് തിങ്കളാഴ്ച വിധിക്കുകയും പുതിയ മാപ്പ് പുനഃസ്ഥാപിക്കാൻ ഉത്തരവിടുകയും ചെയ്തു. തുടർന്ന് ഫെഡറൽ ജില്ലാ ജഡ്ജി മിസോറി സെക്രട്ടറി ഓഫ് സ്റ്റേറ്റിനോട് പൊതുതെരഞ്ഞെടുപ്പിൽ 2025-ൽ തയ്യാറാക്കിയ ഹൗസ് ജില്ലകൾ തന്നെ ഉപയോഗിക്കാൻ ഉത്തരവിട്ടു. ഈ വർഷത്തെ ഓഗസ്റ്റ് മാസത്തെ പ്രൈമറി തെരഞ്ഞെടുപ്പിൽ പുതിയ ഹൗസ് ജില്ലകളാണ് ഉപയോഗിച്ചിരുന്നത്.
പുതിയ മാപ്പിനെതിരെ പോരാടുന്ന ‘പീപ്പിൾ നോട്ട് പൊളിറ്റീഷ്യൻസ്’ (People Not Politicians) എന്ന സംഘടന സുപ്രീം കോടതിയിൽ അടിയന്തര അപ്പീൽ നൽകിയിരുന്നു. മുൻ ഉത്തരവുകളെ മറികടക്കാനാണ് എയ്ത് സർക്യൂട്ട് ശ്രമിക്കുന്നതെന്നും കഴിഞ്ഞ വർഷം അംഗീകരിച്ച പുനർനിർണ്ണയ പദ്ധതി മാത്രം ഉപയോഗിക്കുന്നത് ഭരണഘടനയ്ക്കും ഫെഡറൽ നിയമത്തിനും എതിരാണെന്നും അവർ വാദിച്ചു.














