H-1B വിസക്കാരുടെ H-4 വിസയിലുള്ള ചില ജീവിതപങ്കാളികളുടെ തൊഴിൽ അനുമതി റദ്ദാക്കാൻ യുഎസ്; 6 ലക്ഷത്തിലേറെ ജോലികൾ ഒഴിവുവരുമെന്നും അവകാശവാദം

വാഷിങ്ടൺ: എച്ച്-1ബി വിസ ഉടമകളുടെ ചില എച്ച്-4 വിസയിലുള്ള ജീവിതപങ്കാളികൾക്ക് യുഎസിൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ നീക്കം. യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പാണ് (DHS) ഇതുസംബന്ധിച്ച നിർദേശം മുന്നോട്ടുവച്ചത്. നിർദേശം പുറത്തുവന്നതോടെ എച്ച്-1ബി വിസ ഉടമകൾക്കിടയിൽ ആശയക്കുഴപ്പം ശക്തമായി. അതേസമയം, ‘അമേരിക്ക ഫസ്റ്റ്’ അനുകൂലികൾ നീക്കത്തെ സ്വാഗതം ചെയ്തു. നിർദേശം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചാൽ അടുത്ത 2–4 ആഴ്ചയ്ക്കുള്ളിൽ 6 ലക്ഷത്തിലേറെ ജോലികൾ ഒഴിവുവരുമെന്ന അവകാശവാദവും ഉയർന്നു.

എച്ച്-1ബി വിസയിലുള്ളവരുടെ ജീവിതപങ്കാളികൾക്കാണ് എച്ച്-4 വിസ ലഭിക്കുന്നത്. 2015ലെ നിയമപ്രകാരം യോഗ്യതയുള്ള എച്ച്-4 വിസ ഉടമകൾക്ക് എംപ്ലോയ്മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് (EAD) ലഭിക്കുകയും യുഎസിൽ ജോലി ചെയ്യാൻ അനുമതിയുണ്ടാകുകയും ചെയ്യുന്നു. എന്നാൽ ചില എച്ച്-4 വിസക്കാരെ ഈ തൊഴിൽ അനുമതിക്ക് അർഹരായ വിഭാഗത്തിൽനിന്ന് ഒഴിവാക്കാനാണ് പുതിയ നിർദേശം. 2015ൽ കൊണ്ടുവന്ന നിയമത്തിലെ മാറ്റങ്ങൾ പിൻവലിച്ച് എച്ച്-4 ജീവിതപങ്കാളികൾക്ക് തൊഴിൽ അനുമതി നൽകാതിരുന്ന മുൻ നയം പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് DHS വ്യക്തമാക്കി.

നിർദേശം നിയമമായി മാറിയാൽ ആരെയൊക്കെയാണ് ബാധിക്കുകയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ദീർഘകാലമായി യുഎസിൽ താമസിച്ച് ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ചില എച്ച്-4 വിസ ഉടമകളെ പുതിയ നിയമം ബാധിച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇമിഗ്രേഷൻ വിദഗ്ധ സ്വാതിലിന ബാരിക് പറഞ്ഞു. ഇത് ഇപ്പോൾ ഒരു നിർദേശം മാത്രമാണ്, നിയമമല്ല എന്നതാണ് പ്രധാന കാര്യമെന്നും അവർ വ്യക്തമാക്കി.

DHS ആദ്യം നിർദിഷ്ട നിയമം പ്രസിദ്ധീകരിക്കണം. തുടർന്ന് പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ സ്വീകരിക്കുകയും അവ പരിശോധിക്കുകയും അന്തിമ നിയമം പ്രസിദ്ധീകരിക്കുകയും പ്രാബല്യ തീയതി നിശ്ചയിക്കുകയും വേണം. ഇതിന് കുറഞ്ഞത് നിരവധി മാസങ്ങൾ വേണ്ടിവരുമെന്നും ബാരിക് പറഞ്ഞു. ഇത്തരം നിയമങ്ങൾ സാധാരണയായി കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

“ഇപ്പോൾ നിങ്ങളുടെ തൊഴിൽ അനുമതി സാധുവാണ്. നിലവിലെ നിയമപ്രകാരം USCIS അപേക്ഷകൾ സ്വീകരിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നുണ്ട്. ഈ ആഴ്ച നിങ്ങളുടെ കാര്യത്തിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല,” ബാരിക് വ്യക്തമാക്കി. തൊഴിൽ അനുമതി കാലാവധി തീരുന്നതിന് മുമ്പുതന്നെ പുതുക്കാൻ അപേക്ഷിക്കണമെന്നും അവർ നിർദേശിച്ചു. 2025 അവസാനത്തോടെ ചില വിഭാഗങ്ങൾക്ക് ലഭിച്ചിരുന്ന ഓട്ടോമാറ്റിക് എക്സ്റ്റൻഷനുകൾ അവസാനിച്ചതിനാൽ കൃത്യസമയത്ത് അപേക്ഷ നൽകിയാലും തൊഴിൽ അനുമതിയിൽ ഇടവേള ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.

എച്ച്-1ബി, ഒ-1, നാഷണൽ ഇന്ററസ്റ്റ് വെയിവർ, ഗ്രീൻ കാർഡ് അപേക്ഷ പരിഗണനയിലിരിക്കെ ലഭിക്കുന്ന തൊഴിൽ അനുമതി തുടങ്ങിയ മറ്റ് സാധ്യതകളെക്കുറിച്ച് നേരത്തെ തന്നെ നിയമോപദേശം തേടണമെന്നും ബാരിക് പറഞ്ഞു. അതേസമയം, തൊഴിൽ അനുമതിയെ ആശ്രയിക്കുന്ന എത്ര ജീവനക്കാരാണ് സ്ഥാപനത്തിലുള്ളതെന്ന് തൊഴിലുടമകൾ പരിശോധിക്കണമെന്നും നിർദിഷ്ട നിയമം പുറത്തുവന്നാൽ തൊഴിലുടമകളുടെ അഭിപ്രായങ്ങൾക്ക് കാര്യമായ സ്വാധീനമുണ്ടാകുമെന്നും അവർ പറഞ്ഞു.

New plan to end employment authorization for some spouses of H-1B visa holders: ‘600,000+ jobs will open up in next 2-4 weeks’

More Stories from this section

family-dental
witywide