
വാഷിംഗ്ടൺ: യു.എസ് പ്രതിരോധ മന്ത്രാലയത്തിൻ്റെ (പെൻ്റഗൺ) കർശനമായ മാധ്യമ നിയന്ത്രണങ്ങൾക്കെതിരെ പ്രമുഖ അന്താരാഷ്ട്ര വാർത്താ മാധ്യമമായ ‘ന്യൂയോർക്ക് ടൈംസ്’ വീണ്ടും കോടതിയിലേക്ക്. മാധ്യമപ്രവർത്തകർക്കായി പെൻ്റഗൺ പുതുതായി ഏർപ്പെടുത്തിയ പ്രസ് ആക്‌സസ് നയം തികച്ചും “ഭരണഘടനാ വിരുദ്ധമാണെന്ന്” ചൂണ്ടിക്കാണിച്ചാണ് പത്രം രണ്ടാം തവണയും ഫെഡറൽ കോടതിയെ സമീപിച്ചിരിക്കുന്നത്.
പെന്റഗൺ കെട്ടിടത്തിനുള്ളിൽ പ്രവേശിക്കുന്ന മാധ്യമപ്രവർത്തകർക്കൊപ്പം എപ്പോഴും ഔദ്യോഗിക സുരക്ഷാ പ്രതിനിധികൾ (എസ്കോർട്ട്) ഉണ്ടായിരിക്കണമെന്ന താൽക്കാലിക നയമാണ് പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചത്. ഈ നിയമം യു.എസ് ഭരണഘടനയുടെ ഒന്നാം ഭേദഗതി ഉറപ്പുനൽകുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള നേരിട്ടുള്ള കടന്നുകയറ്റമാണെന്ന് ന്യൂയോർക്ക് ടൈംസ് ഹർജിയിൽ വാദിക്കുന്നു. പുതിയ നയം സ്വതന്ത്രമായ വാർത്താശേഖരണത്തെയും പ്രതിരോധ ഉദ്യോഗസ്ഥരുമായി മാധ്യമപ്രവർത്തകർ നടത്തുന്ന സ്വകാര്യ കൂടിക്കാഴ്ചകളെയും പൂർണ്ണമായി തടസ്സപ്പെടുത്തുന്നതാണെന്നും പത്രം വ്യക്തമാക്കുന്നു.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ സമാനമായ കർശന നിയന്ത്രണങ്ങൾക്കെതിരെ കഴിഞ്ഞ ഡിസംബറിലും ന്യൂയോർക്ക് ടൈംസ് കോടതിയെ സമീപിച്ചിരുന്നു. തുടർന്ന്, ഈ നിയന്ത്രണങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യു.എസ് ഡിസ്ട്രിക്ട് കോർട്ട് ജഡ്ജി പോൾ എൽ. ഫ്രീഡ്മാൻ പെൻ്റഗണിൻ്റെ നടപടി റദ്ദാക്കിയിരുന്നു. എന്നാൽ, ഈ കോടതി വിധി മറികടക്കാനായി പെൻ്റഗൺ പുതിയ ഇടക്കാല ‘എസ്കോർട്ട് നയം’ കൊണ്ടുവരികയായിരുന്നു. പെൻ്റഗണിൻ്റെ ഈ നീക്കം തികച്ചും പ്രതികാരബുദ്ധിയോടെയുള്ളതാണെന്നും തങ്ങൾക്ക് താല്പര്യമുള്ള വാർത്തകൾ മാത്രം പുറത്തുവിടാൻ മാധ്യമങ്ങളെ നിർബന്ധിതരാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും ന്യൂയോർക്ക് ടൈംസ് അധികൃതർ കുറ്റപ്പെടുത്തി. അതേസമയം, ഔദ്യോഗിക രഹസ്യങ്ങൾ ചോരുന്നത് തടയാനും ദേശീയ സുരക്ഷ മുൻനിർത്തിയുമാണ് പുതിയ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതെന്നാണ് പെൻ്റഗണിൻ്റെ ഔദ്യോഗിക വിശദീകരണം.
New York Times launches legal battle against Pentagon again; Press access policy ‘unconstitutional’















