വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായിയും ദക്ഷിണ കരോലിനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്ററുമായിരുന്ന ലിൻഡ്സി ഗ്രഹാമിന്റെ മരണകാരണം അയോർട്ടിക് റപ്ചർ (Aortic Rupture) ആണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി കാഠിന്യം വന്നതിനെ തുടർന്നാണ് ജീവൻ നഷ്ടമായതെന്നാണ് മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത്.
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ധമനിയായ അയോർട്ട ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം എത്തിക്കുന്ന പ്രധാന രക്തക്കുഴലാണ്. ഈ ധമനി പൂർണമായി പൊട്ടുകയോ കീറിപ്പോവുകയോ ചെയ്യുന്ന അവസ്ഥയാണ് അയോർട്ടിക് റപ്ചർ. ഇത് അത്യന്തം ഗുരുതരമായ അടിയന്തര ആരോഗ്യപ്രശ്നമാണ്. ഉടൻ ചികിത്സ ലഭിച്ചില്ലെങ്കിൽ അമിതമായ ആന്തരിക രക്തസ്രാവത്തെ തുടർന്ന് മരണം സംഭവിക്കാം. മയോ ക്ലിനിക്കിന്റെ വിവരമനുസരിച്ച്, അയോർട്ടയിൽ ബലക്ഷയം സംഭവിച്ച് വീർപ്പുണ്ടാകുന്ന അയോർട്ടിക് അന്യൂറിസം എന്ന അവസ്ഥയാണ് പലപ്പോഴും ധമനി പൊട്ടാൻ കാരണമാകുന്നത്.
ഉയർന്ന രക്തസമ്മർദം, ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അഥിറോസ്ക്ലെറോസിസ്, പുകവലി, വാർധക്യം, ചില ജനിതക രോഗങ്ങൾ, ഗുരുതര പരിക്കുകൾ, കുടുംബത്തിൽ സമാന രോഗങ്ങളുടെ ചരിത്രം, ജന്മനാ ഹൃദയ വാൽവിനുള്ള തകരാറുകൾ എന്നിവ ഈ രോഗത്തിന് പ്രധാന അപകടസാധ്യതകളാണ്. ചിലപ്പോൾ ശക്തമായ ശാരീരിക അധ്വാനമോ കടുത്ത മാനസിക സമ്മർദമോ രോഗാവസ്ഥയ്ക്ക് കാരണമായേക്കാമെന്നും വിദഗ്ധർ പറയുന്നു.
നെഞ്ചിലോ പുറകിലോ വയറിലോ പെട്ടെന്ന് കീറിപ്പൊളിയുന്നതുപോലെയുള്ള കഠിന വേദന, ശ്വാസതടസം, ബോധക്ഷയം, ശരീരത്തിന്റെ ഒരു ഭാഗത്ത് ബലക്ഷയം, രക്തസമ്മർദം അപകടകരമായി താഴുക, നാഡിമിടിപ്പ് വർധിക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. പലപ്പോഴും ഇത് ഹൃദയാഘാതമാണെന്ന് തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്.
ശനിയാഴ്ച രാത്രി വാഷിങ്ടണിലെ ക്യാപിറ്റോൾ ഹില്ലിലുള്ള ഗ്രഹാമിന്റെ വസതിയിൽ നിന്ന് ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്ന് മെഡിക്കൽ സംഘം സ്ഥലത്തെത്തിയതായാണ് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഹ്രസ്വവും അപ്രതീക്ഷിതവുമായ അസുഖത്തെ തുടർന്ന് ഗ്രഹാം അന്തരിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് എക്‌സിലൂടെ അറിയിച്ചിരുന്നു. യുക്രെയ്ൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയായിരുന്നു ഗ്രഹാമിന്റെ മരണം. ഇതോടെ സാമൂഹിക മാധ്യമങ്ങളിൽ വധശ്രമവും വിഷബാധയും സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും, ദുരൂഹതയോ കുറ്റകൃത്യമോ നടന്നതിന് തെളിവുകളൊന്നുമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗ്രഹാമിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. എനിക്ക് പരിചയമുള്ള ഏറ്റവും മികച്ച വ്യക്തികളിലും മികച്ച സെനറ്റർമാരിലൊരാളുമായിരുന്നു ലിൻഡ്സി ഗ്രഹാം. യഥാർഥ അമേരിക്കൻ ദേശസ്നേഹിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വേർപാട് വലിയ നഷ്ടമാണ് എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. മരണത്തിന് ഏതാനും മണിക്കൂർ മുമ്പ് ഗ്രഹാമുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി.
SAVE America Act സംബന്ധിച്ച് സംസാരിക്കാനാണ് അദ്ദേഹം വിളിച്ചതെന്നും, “അൽപം ക്ഷീണിതനായി തോന്നിയെങ്കിലും സാധാരണപോലെ തന്നെയായിരുന്നു. യുക്രെയ്ൻ സന്ദർശനം കഴിഞ്ഞെത്തിയതിനാൽ ക്ഷീണം സ്വാഭാവികമാണെന്ന് കരുതി അദ്ദേഹം അക്ഷീണം പ്രവർത്തിച്ചിരുന്ന നേതാവായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
Lindsay Graham’s cause of death was ‘aortic rupture’; authorities dismiss speculation regarding attempted murder or poisoning.












