ലോസ് ഏഞ്ചൽസ് മേയർ തെരഞ്ഞെടുപ്പിൽ നിത്യ രാമന് ലീഡ്, വിജയിച്ചാൽ കേരളത്തിനും അഭിമാനം, നിലവിലെ മേയർ കാരൻ ബാസിന് വൻ തിരിച്ചടി

ലോസ് ഏഞ്ചൽസ്: അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ഏഞ്ചൽസിന്റെ മേയർ പദവിയിലേക്ക് ഇന്ത്യൻ വംശജയായ നിത്യ രാമൻ ചരിത്ര വിജയത്തിലേക്ക് അടുക്കുന്നതായി റിപ്പോർട്ടുകൾ. നവംബർ 3-ന് നടക്കാനിരിക്കുന്ന നിർണായകമായ ഫൈനൽ റൗണ്ട് തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന സർവേകളിൽ, നിലവിലെ മേയർ കാരൻ ബാസിനെതിരെ നിത്യ രാമൻ വ്യക്തമായ ലീഡ് നേടി.

ഏറ്റവും പുതിയ ‘ബെർക്ക്‌ലി ഐജിഎസ്/എൽ.എ. ടൈംസ്’ സർവേ പ്രകാരം വോട്ടർമാരിൽ 39 ശതമാനം പേർ നിത്യ രാമനെ പിന്തുണയ്ക്കുമ്പോൾ, നിലവിലെ മേയറായ കാരൻ ബാസിന് 28 ശതമാനം ആളുകളുടെ പിന്തുണ മാത്രമാണുള്ളത്. കാരൻ ബാസിനേക്കാൾ 11 ശതമാനത്തിന്റെ വലിയ ലീഡാണ് സർവേയിൽ കേരളത്തിൽ ജനിച്ച നിത്യ രാമൻ നിലനിർത്തുന്നത്. പ്രവചന വിപണിയായ ‘കൽഷി’ ഒക്ടോബർ മധ്യത്തിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം നിത്യ രാമൻ വിജയിക്കാനുള്ള സാധ്യത 56 ശതമാനമായി ഉയർന്നിട്ടുണ്ട്.

ഡെമോക്രാറ്റ് പാര്‍ട്ടി അംഗങ്ങളായ കാരന്‍ ബാസും നിത്യ രാമനും ചൊവ്വാഴ്ച വൈകിട്ട് നടന്ന സംവാദത്തില്‍ ഭവനരഹിതരുടെ പ്രതിസന്ധി, പൊതു സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് സംസാരിച്ചത്. സംവാദത്തിലുടനീളം നിത്യ രാമനെതിരെ കടുത്ത ആക്രമണമാണ് കാരൻ ബാസ് അഴിച്ചുവിട്ടത്. നിത്യ രാമൻ പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തയാളാണെന്നും, ലോസ് ഏഞ്ചൽസ് പോലുള്ള വലിയൊരു നഗരത്തിന്റെ ഉയർന്ന പദവി കൈകാര്യം ചെയ്യാൻ അവർക്ക് യോഗ്യതയില്ലെന്നും കാരൻ ബാസ് ആരോപിച്ചു. നിത്യയുടെ മുൻകാല രാഷ്ട്രീയ നിലപാടുകളെയും ഭരണപരിചയക്കുറവിനെയും കാരൻ ബാസ് രൂക്ഷമായി വിമർശിച്ചു.

എന്നാൽ, നിലവിലെ മേയറുടെ ഭരണപരാജയങ്ങൾ അക്കമിട്ടു നിരത്തിയാണ് നിത്യ രാമൻ ഇതിന് മറുപടി നൽകിയത്. “ലോസ് ഏഞ്ചൽസിന് കൂടുതൽ തകർച്ചയോ ഭരണനിർവ്വഹണത്തിലെ വീഴ്ചകളോ ഇനി താങ്ങാൻ കഴിയില്ല” എന്ന് നിത്യ രാമൻ തിരിച്ചടിച്ചു. കഴിഞ്ഞ നാല് വർഷമായി നഗരത്തിനുണ്ടായ തകർച്ചയ്ക്ക് കാരണം കാരൻ ബാസിന്റെ മോശം നേതൃത്വമാണെന്നും, മാറ്റത്തിനായുള്ള സമയമാണിതെന്നും നിത്യ രാമൻ ഓർമ്മിപ്പിച്ചു

നഗരത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങളും വിലക്കയറ്റവും കൈകാര്യം ചെയ്യുന്നതിൽ നിലവിലെ ഭരണകൂടത്തിന് വന്ന വീഴ്ചകളാണ് കാരൻ ബാസിന്റെ ജനപ്രീതി കുറയാൻ കാരണമായത്. കഴിഞ്ഞ വർഷം നഗരത്തെ നടുക്കിയ കാട്ടുതീ ബാധിച്ച സമയത്ത് മേയർ നഗരത്തിൽ ഇല്ലാതിരുന്നതും നിത്യ രാമൻ ശക്തമായ പ്രചാരണ ആയുധമാക്കി. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായ നിത്യ രാമന് നഗരത്തിലെ യുവ വോട്ടർമാർക്കിടയിലും പുരോഗമന ചിന്താഗതിക്കാർക്കിടയിലും വലിയ സ്വാധീനമുണ്ട്.

കഴിഞ്ഞ ജൂണിൽ നടന്ന പ്രൈമറി തെരഞ്ഞെടുപ്പിൽ കാരൻ ബാസിന് പിന്നിൽ രണ്ടാമതായാണ് നിത്യ ഫിനിഷ് ചെയ്തതെങ്കിലും, ഫൈനൽ പോരാട്ടത്തിലേക്ക് എത്തിയപ്പോൾ ശക്തമായ തിരിച്ചുവരവാണ് അവർ നടത്തിയിരിക്കുന്നത്. നവംബറിലെ വോട്ടെടുപ്പിൽ വിജയിക്കുകയാണെങ്കിൽ, ലോസ് ഏഞ്ചൽസിന്റെ മേയറാകുന്ന ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ/മലയാളി വംശജ എന്ന ചരിത്രനേട്ടം 45-കാരിയായ നിത്യ രാമന് സ്വന്തമാകും. നിലവിൽ 33 ശതമാനം വോട്ടർമാർ ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലാത്തതിനാൽ, വരും ദിവസങ്ങളിലെ പ്രചാരണം ഇരു സ്ഥാനാർത്ഥികൾക്കും ഏറെ നിർണായകമാകും.

1981 ജൂലൈ 28ന് കേരളത്തിലെ തമിഴ് അയ്യര്‍ കുടുംബത്തില്‍ ജനിച്ച നിത്യ രാമന്‍, ആറാം വയസ്സിലാണ് ലൂസിയാനയിലേക്ക് കുടിയേറിയത്. ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ തിയറിയില്‍ ബിരുദവും തുടര്‍ന്ന് എംഐടിയില്‍ നിന്ന് അര്‍ബന്‍ പ്ലാനിങ്ങില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

Nithya Raman takes the lead in the Los Angeles mayoral election

More Stories from this section

family-dental
witywide