എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകാൻ നാഷണൽ മെഡിക്കൽ കമ്മീഷൻ (NMC) നിർദ്ദേശം നൽകി. സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനാണ് (DME) കമ്മീഷൻ ഇത് സംബന്ധിച്ച കർശന നിർദ്ദേശം കൈമാറിയത്. നാലര വർഷത്തെ എംബിബിഎസ് കോഴ്സിന് അഞ്ച് വർഷത്തെ ഫീസ് പൂർണ്ണമായി ഈടാക്കുന്ന സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ നടപടിക്കെതിരെയാണ് നാഷണൽ മെഡിക്കൽ കമ്മീഷന്റെ ഈ ശക്തമായ ഇടപെടൽ. വിദ്യാർത്ഥികളിൽ നിന്ന് അധികമായി വാങ്ങിയ ആറ് മാസത്തെ ഫീസ് തിരികെ നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇതിനായി കോളേജുകൾക്ക് അടിയന്തര നിർദ്ദേശം നൽകണമെന്നും ഡിഎംഇയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന് വ്യക്തമാക്കി എൻഎംസി നേരത്തെ തന്നെ വ്യക്തമായ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് പൂർണ്ണമായും ലംഘിച്ചുകൊണ്ടാണ് സംസ്ഥാനത്തെ ഭൂരിഭാഗം സ്വാശ്രയ മാനേജ്‌മെന്റുകളും വിദ്യാർത്ഥികളിൽ നിന്ന് അഞ്ച് വർഷത്തെ ഫീസ് വാങ്ങിയത്. ഇതിനെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും നൽകിയ പരാതികളെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് എൻഎംസിയുടെ ഇപ്പോഴത്തെ നടപടി. സംസ്ഥാനത്ത് മൂവായിരത്തോളം വിദ്യാർത്ഥികളിൽ നിന്നായി മൂന്നര ലക്ഷം രൂപ മുതൽ ആറ് ലക്ഷം രൂപ വരെയാണ് ഇത്തരത്തിൽ കോളേജുകൾ അധികമായി ഈടാക്കിയിട്ടുള്ളത്. ഈ തുക മുഴുവൻ തിരികെ ലഭിക്കാനുള്ള വഴി തെളിഞ്ഞത് മെഡിക്കൽ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകും.
NMC Orders Kerala DME to Refund Excess Six-Month Fees Collected from MBBS Students












