പിണറായി ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: അജിത് കുമാറിന്‍റെ സസ്പെൻഷനിൽ ഒതുങ്ങില്ല, മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന് വേണ്ടിയുള്ള ആലപ്പുഴ ‘രക്ഷാപ്രവർത്തന’വുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ച സംഭവത്തിൽ മൂന്ന് ഡിവൈ.എസ്.പിമാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ അരുൺ കെ.എസ്., കെ.പി. തോംസൺ, സുനിൽരാജ് എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. കേസ് രേഖകളിൽ കൃത്രിമം കാണിച്ചതിൽ അന്വേഷണ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.

നേരത്തെ, കേസന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന വിവരം പുറത്തുവന്നത് ഈ മൂന്ന് ഡിവൈ.എസ്.പിമാരുടെയും മൊഴികളിലൂടെയായിരുന്നു. എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് കേസ് രേഖകൾ മാറ്റിയതെന്ന് വെളിപ്പെടുത്തിയ ഈ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിനെതിരായ സസ്പെൻഷൻ നടപടി. എന്നാൽ എ.ഡി.ജി.പിയുടെ നിർദ്ദേശം അനുസരിച്ച് രേഖകളിൽ മാറ്റം വരുത്തിയതിൽ ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചതായി സർക്കാർ വിലയിരുത്തി.

വകുപ്പുതല അന്വേഷണത്തിന് നേതൃത്വം നൽകേണ്ട ഉദ്യോഗസ്ഥനെ ഒരു ആഴ്ചയ്ക്കുള്ളിൽ ഡി.ജി.പി. തീരുമാനിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. എ.ഡി.ജി.പിയുടെ സസ്പെൻഷന് പിന്നാലെ ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ കൂടി അന്വേഷണം പ്രഖ്യാപിച്ചത് കേസിലെ തുടർന്നുള്ള നടപടികൾ നിർണായകമാക്കും.

Alappuzha Rescue Case Sabotage: Govt Orders Departmental Probe Against Three DySPs

More Stories from this section

family-dental
witywide