പി.എം. ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യു.ഡി.എഫ്. സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി പി. രാജീവ് രംഗത്തെത്തി. തങ്ങൾ അധികാരത്തിൽ വന്നാൽ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് തിരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ചവർക്ക് അത് നടത്തിക്കാണിക്കാനുള്ള നട്ടെല്ലുണ്ടാകണമെന്ന് അദ്ദേഹം പരിഹസിച്ചു. എൽ.ഡി.എഫ്. സർക്കാർ ഒരു മെമ്മോറണ്ടത്തിൽ മാത്രമാണ് ഒപ്പുവെച്ചതെന്നും പിന്നീട് ആ നടപടികൾ താൽക്കാലികമായി നിർത്തിവെക്കുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയിൽ ഒപ്പുവെച്ചതുകൊണ്ട് മാത്രം പ്രത്യേക ഫണ്ടൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രിസഭാ തീരുമാനം ഇല്ലാതെയാണ് ഇത് നടന്നതെന്നും പി. രാജീവ് ചൂണ്ടിക്കാട്ടി. എസ്.എസ്.കെ. ഫണ്ട് ലഭ്യമാക്കാൻ ക്യാബിനറ്റ് അറിയാതെ സെക്രട്ടറി ഒപ്പുവെച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. എൽ.ഡി.എഫ്. ചെയ്തതുപോലെ പദ്ധതി നിർത്തിവെക്കാൻ യു.ഡി.എഫും തയ്യാറാകണമെന്നും ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതോടൊപ്പം വഖഫ് ബോർഡ് പുനഃസംഘടന വൈകിപ്പിച്ചത് എൽ.ഡി.എഫ്. സർക്കാരാണെന്ന മുസ്ലിം ലീഗിന്റെ ആരോപണവും അദ്ദേഹം തള്ളി. 2013-ൽ ബോർഡിന്റെ കാലാവധി കഴിഞ്ഞിട്ടും ഒരു വർഷത്തിനു ശേഷം 2014-ലാണ് അന്നത്തെ യു.ഡി.എഫ്. സർക്കാർ പുനഃസംഘടന നടത്തിയതെന്ന് രാജീവ് ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിലവിലുള്ള ബോർഡിന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നതായും അന്നത്തെ ബോർഡിൽ നിലവിലെ വഖഫ് മന്ത്രിയും അംഗമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
P Rajeev Slams UDF Government Over PM SHRI Scheme Implementation Order














