അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രാജ്യവ്യാപകമായി ‘നോ കിങ്സ്’ റാലികൾ. നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ടർമാർ നേരത്തേ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച വിവിധ നഗരങ്ങളിൽ നൂറുകണക്കിന് പരിപാടികളാണ് സംഘടിപ്പിച്ചത്.
ട്രംപ് ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് റാലികൾ നടന്നത്. വാഷിങ്ടണിലെ ലിങ്കൺ മെമ്മോറിയലിൽ നടന്ന പരിപാടിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ‘നേരത്തേ വോട്ട് ചെയ്യൂ’, ‘എന്റെ വോട്ടിൽ കൈകടത്തരുത്’ തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളും ഉയർത്തി.
അറ്റ്ലാന്റയിൽ നടന്ന റാലിയിൽ സിറ്റി കൗൺസിൽ അംഗം മൈക്കൽ ജൂലിയൻ ബോണ്ട് വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. മറ്റുള്ളവരെയും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മെയിൽ വോട്ടിങ്ങിനെ ദീർഘകാലമായി എതിർക്കുന്ന ട്രംപ്, 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടുതട്ടിപ്പ് നടന്നതാണ് തന്റെ പരാജയത്തിന് കാരണമെന്ന് തെളിവുകളില്ലാതെ ആരോപിച്ചിരുന്നു. ഇടക്കാല തിരഞ്ഞെടുപ്പിൽ മെയിൽ വഴി വോട്ട് ചെയ്യുന്നവരിൽ പൗരന്മാരല്ലെന്ന് സംശയിക്കുന്നവരുടെ വോട്ടുകൾ കുടിയേറ്റപദവി സ്ഥിരീകരിക്കുന്നതുവരെ എണ്ണുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം വ്യാഴാഴ്ച കാലിഫോർണിയയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ സമീപിച്ചു.
സംശയിക്കപ്പെടുന്ന പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണുന്ന ഉദ്യോഗസ്ഥർ ക്രിമിനൽ അന്വേഷണവും നിയമനടപടികളും നേരിടേണ്ടിവരുമെന്ന് നീതിന്യായ വകുപ്പ് വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് മുമ്പ് വോട്ടുകളോ മറ്റ് തിരഞ്ഞെടുപ്പ് രേഖകളോ പിടിച്ചെടുക്കില്ലെന്ന് ഉറപ്പുനൽകണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് സെനറ്റർമാരായ അലക്സ് പാഡില്ല, ഷെൽഡൻ വൈറ്റ്ഹൗസ്, ഡിക്ക് ഡർബിൻ എന്നിവർ അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്
No Kings rallies across US urge voters to cast ballots early ahead of midterms












