ആശങ്കകളെ വിഭ്രാന്തിയായി കാണേണ്ടതില്ല, എഐ വികസനം മുന്നോട്ട് കൊണ്ട് പോകണമെന്ന് ട്രംപിന്റെ ഉപദേഷ്ടാവ് ഡേവിഡ് സാക്സ്; കമ്പനികൾക്ക് ഉപദേശം

വാഷിം​ഗ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി മനുഷ്യരാശിക്ക് ഗുരുതരമായ ഭീഷണിയാകുമെന്ന ഭയങ്ങൾ അതിശയോക്തിപരമാണെന്നും ജാഗ്രത ആവശ്യമാണെങ്കിലും എഐ വികസനം തടസ്സമില്ലാതെ മുന്നോട്ട് പോകണമെന്നും പ്രസിഡന്റ് ട്രംപിന്റെ സാങ്കേതികവിദ്യാ ഉപദേഷ്ടാവായ ഡേവിഡ് സാക്സ്. തിരഞ്ഞെടുപ്പ് കാലമായതിനാൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചില കോണുകളിൽ നിന്ന് ഭയം ബോധപൂർവ്വം പെരുപ്പിച്ചു കാണിക്കുകയാണെന്നും, ഇത്തരം ആശങ്കകളെ വിഭ്രാന്തിയായി കാണേണ്ടതില്ലെന്നും അദ്ദേഹം സി.ബി.എസ് സീനിയർ ബിസിനസ്-ടെക്നോളജി കറസ്പോണ്ടന്റ് ജോ ലിംഗ് കെന്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഈ വിഷയത്തെ രാഷ്ട്രീയ ലാഭങ്ങൾക്കപ്പുറം ശാന്തമായും വസ്തുനിഷ്ഠമായും സമീപിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൂപ്പർ ഇന്റലിജൻസ് സംവിധാനങ്ങൾ മനുഷ്യരാശിക്ക് കനത്ത ആഘാതം സൃഷ്ടിച്ചേക്കാമെന്ന മുന്നറിയിപ്പുകൾക്കിടയിലാണ് സാക്സിന്റെ ഈ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. ആന്ത്രോപിക് സ്ഥാപനത്തിന്റെ മുൻ ഗവേഷകനായ ജേക്കബ് കോക്സൺ, കമ്പനികൾ മനുഷ്യജീവിതം വെച്ച് ചൂതാട്ടം നടത്തുകയാണെന്ന് കഴിഞ്ഞ സെപ്റ്റംബർ എട്ടിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപുറമേ, നിർമ്മിത ബുദ്ധിയിൽ യഥാർത്ഥ അപകടസാധ്യതകളുണ്ടെന്നും എന്നാൽ വ്യവസായ രംഗം പലപ്പോഴും ഇത് പൊതുജനങ്ങളിൽ നിന്ന് മറച്ചുവെച്ചുവെന്നും ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോഡി സി.ബി.എസ് സൺഡേ മോർണിംഗ് പരിപാടിയിൽ തുറന്നുപറഞ്ഞിരുന്നു.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പൂർണ്ണ ഉത്തരവാദിത്തം ആന്ത്രോപിക്, ഓപ്പൺഎഐ തുടങ്ങിയ വൻകിട ലാംഗ്വേജ് മോഡൽ നിർമ്മാതാക്കൾക്കാണെന്ന് ഡേവിഡ് സാക്സ് വ്യക്തമാക്കുന്നു. സുരക്ഷിതമായ സാങ്കേതികവിദ്യ വികസിപ്പിക്കുകയെന്നതാണ് കമ്പനികളുടെ പ്രഥമ ഉത്തരവാദിത്തമെന്നും അദ്ദേഹം സി.ബി.എസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഓർമ്മിപ്പിച്ചു. തങ്ങളുടെ ഉൽപ്പന്നങ്ങൾ എങ്ങനെയാണ് സുരക്ഷിതമാക്കുന്നതെന്ന് ഈ കമ്പനികൾ വ്യക്തമാക്കണമെന്നും, അതിന് സാധിച്ചില്ലെങ്കിൽ ഈ രംഗത്ത് വിജയിക്കാൻ കഴിയുന്ന മറ്റുള്ളവർക്ക് വഴിമാറിക്കൊടുക്കണമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. തങ്ങൾ പരാജയപ്പെടുന്നുവെന്ന് കാണിച്ച് ജനങ്ങളിൽ ഭീതി പരത്തുകയല്ല കമ്പനികൾ ചെയ്യേണ്ടതെന്ന് ട്രംപിന്റെ ശാസ്ത്ര-സാങ്കേതിക ഉപദേശക സമിതിയുടെ കോ-ചെയർമാറായ സാക്സ് പറഞ്ഞു. മുൻപ് പ്രസിഡന്റിന്റെ എഐ, ക്രിപ്‌റ്റോകറൻസി സാരഥിയായിരുന്ന അദ്ദേഹം മെയ് മാസത്തിലാണ് ആ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്.

More Stories from this section

family-dental
witywide