കുപ്രസിദ്ധമായ ‘അലിഗേറ്റർ അൽകാട്രാസ്’ തടങ്കൽ കേന്ദ്രം, നടന്നിരുന്നത് ക്രൂര മനുഷ്യാവകാശ ലംഘനം; രൂക്ഷ വിമർശനവുമായി ഹോംലാൻഡ് സെക്യൂരിറ്റിയുടെ റിപ്പോർട്ട്

ഫ്ലോറിഡ: ഫ്ലോറിഡയിലെ കുപ്രസിദ്ധമായ ‘അലിഗേറ്റർ അൽകാട്രാസ്’ കുടിയേറ്റ തടങ്കൽ കേന്ദ്രത്തിലെ മോശം സാഹചര്യങ്ങൾക്കെതിരെ ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ (ഡി.എച്ച്.എസ്) വാച്ച് ഡോഗ് രംഗത്ത്. നിലവിൽ പൂട്ടിയിട്ടിരിക്കുന്ന ഈ കേന്ദ്രത്തിൽ അന്തേവാസികളെ ചെറിയ കൂട്ടിലടച്ചതുൾപ്പെടെയുള്ള ക്രൂര സാഹചര്യങ്ങളിലാണ് പാർപ്പിച്ചിരുന്നതെന്ന് ഔദ്യോഗിക റിപ്പോർട്ട് വ്യക്തമാക്കുന്നു. പലപ്പോഴും രണ്ട് മണിക്കൂറോളം സമയമാണ് ചെറിയ കൂടുകളിൽ അന്തേവാസികളെ തടവിലാക്കിയിരുന്നത്.

ഈ വർഷത്തിന്റെ തുടക്കത്തിൽ അടച്ചുപൂട്ടിയ ഈ തടങ്കൽ കേന്ദ്രത്തിൽ നടത്തിയ മിന്നൽ പരിശോധനയ്ക്ക് പിന്നാലെയാണ് ഡി.എച്ച്.എസ് ഇൻസ്പെക്ടർ ജനറലിന്റെ കാര്യാലയം 33 പേജുള്ള ഈ റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ ജൂണിലാണ് ‘അലിഗേറ്റർ അൽകാട്രാസ്’ അടച്ചുപൂട്ടിയത്. നാടുകടത്തൽ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കൂടുതൽ തടങ്കൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് ട്രംപ് ഭരണകൂടം മാതൃകയായി ചൂണ്ടിക്കാണിച്ചിരുന്ന ഇടമായിരുന്നു ഇത്. എന്നാൽ ഇവിടെ കടുത്ത മാനുഷിക പ്രശ്നങ്ങളുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ ശക്തമായി ആരോപിച്ചിരുന്നു. ഇത് തുടക്കം മുതൽ ഡി.എച്ച്.എസ് നിഷേധിച്ചിരുന്നുവെങ്കിലും പുതിയ റിപ്പോർട്ട് ഈ ആരോപണങ്ങളെ ശരിവെക്കുന്നതാണ്.

എവർഗ്ലേഡ്സ് പ്രദേശത്തെ ഒരു വിമാനത്താവളത്തിൽ സ്ഥാപിച്ച കൂടാരങ്ങളിലാണ് ഈ തടങ്കൽ കേന്ദ്രത്തിലെ ഭൂരിഭാഗം അന്തേവാസികളെയും പാർപ്പിച്ചിരുന്നത്. മെറ്റൽ വേലികൾ കൊണ്ട് ചുറ്റപ്പെട്ട് ബങ്ക് ബെഡുകൾ സ്ഥാപിച്ച ഈ തടങ്കൽ മുറികളിൽ കോമൺ ഏരിയകൾ ഉണ്ടായിരുന്നില്ല. അന്തേവാസികൾക്ക് ജീവിക്കാൻ ആവശ്യമായ അടിസ്ഥാന സ്ഥലം പോലും ഈ പാർപ്പിട സൗകര്യങ്ങൾ നൽകിയിരുന്നില്ലെന്ന് ഒ.ഐ.ജി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഫ്ലോറിഡ സംസ്ഥാന ജയിൽ മാനദണ്ഡപ്രകാരം ഒരാൾക്ക് 75 ചതുരശ്ര അടി സ്ഥലം ആവശ്യമാണെന്നിരിക്കെ, പരമാവധി ശേഷിയിൽ പ്രവർത്തിക്കുമ്പോൾ ഇവിടെ ഒരാൾക്ക് ലഭിച്ചിരുന്നത് വെറും 28 ചതുരശ്ര അടി സ്ഥലം മാത്രമാണ്. ഈ അവസ്ഥ അന്തേവാസികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

ഇതിന് പുറമെ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ പരിമിതമായിരുന്നു. ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് അന്തേവാസികൾക്ക് ഒരു മണിക്കൂർ വിനോദ സമയം അനുവദിച്ചിരുന്നത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമായിരുന്നു കുളിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ അന്തേവാസികൾക്ക് ആഴ്ചയിൽ കുറഞ്ഞത് ആറ് മണിക്കൂറോ അല്ലെങ്കിൽ ദിവസേന ഒരു മണിക്കൂർ വീതം അഞ്ച് ദിവസമോ വിനോദ സമയം ഉറപ്പാക്കണമെന്നാണ് ഐ.സി.ഇ മാനദണ്ഡങ്ങൾ പറയുന്നത്. കൂടാതെ ദിവസേനയുള്ള കുളി സൗകര്യം ഫ്ലോറിഡയിലെ ജയിൽ നിയമങ്ങൾ നിർബന്ധമാക്കുന്നുമുണ്ട്. പരിശോധനയ്ക്കിടെ 52 ഇഞ്ച് വീതിയും നീളവുമുള്ള ചെറിയ ലോഹക്കൂട്ടുകൾ പോലുള്ള സംവിധാനങ്ങളും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ശാന്തമാക്കാനുള്ള ഇടങ്ങൾ (കൽമിംഗ് ഏരിയകൾ) എന്ന് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ച ഈ കൂട്ടുകളിൽ 2025 ജൂലൈയ്ക്കും 2026 ജനുവരിക്കും ഇടയിൽ 79 അന്തേവാസികളെയാണ് പാർപ്പിച്ചിരുന്നത്.

More Stories from this section

family-dental
witywide