
ടെഹ്റാൻ: തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കുന്നതുവരെ അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി യാതൊരു ചർച്ചയ്ക്കും തയ്യാറല്ലെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി മൊഹ്സെൻ റെസായി വ്യക്തമാക്കി. ചർച്ചകളുടെ സാധ്യതയ്ക്ക് താൻ വാതിൽ തുറന്നുകൊടുത്തിട്ടുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇറാന്റെ ഈ കർശന നിലപാട്.
ചർച്ചകളില്ല എന്ന നിലപാടിൽ നിന്ന് സംസാരിക്കാൻ തയ്യാറാണെന്ന് പറയുന്ന യുഎസ് പ്രസിഡന്റിന്റെ വൈരുദ്ധ്യാത്മകമായ പ്രസ്താവനകളിൽ വഴിതെറ്റിപ്പോകരുതെന്ന് മൊഹ്സെൻ റെസായി തിങ്കളാഴ്ച വൈകിട്ട് സമൂഹമാധ്യമത്തിൽ കുറിച്ചു. ഹോർമുസ് കടലിടുക്കിലെ തന്ത്രപ്രധാനമായ കപ്പൽപ്പാതകളുടെ മേലുള്ള ഇറാന്റെ അവകാശവാദത്തെയും, യെമനിലെ ഹൂതി സഖ്യകക്ഷികളിലൂടെ ബാബ് എൽ-മന്ദബ് കടലിടുക്കിലുളള സ്വാധീനത്തെയുമാണ് എണ്ണയെയും കടലിടുക്കുകളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം സൂചിപ്പിക്കുന്നത്.
ഇറാന്റെ നിബന്ധനകൾ നിറവേറ്റപ്പെടുന്നത് വരെ യാതൊരുവിധ ചർച്ചകളുമില്ലെന്ന് അദ്ദേഹം തീർത്തുപറഞ്ഞു. ജൂൺ പകുതിയോടെ ട്രംപും ഇറാനും ഒപ്പുവെച്ച ധാരണാപത്രത്തിലെ തത്വങ്ങളിലേക്ക് അമേരിക്ക തിരികെ വരണമെന്നാണ് ഇറാൻ സർക്കാർ നിരന്തരം ആവശ്യപ്പെടുന്നത്. എന്നാൽ ഇറാനിയൻ തുറമുഖങ്ങൾക്കും കപ്പലുകൾക്കുമെതിരെയുള്ള സൈനിക ഉപരോധം തുടർന്നുകൊണ്ട് അമേരിക്ക ഈ കരാർ ലംഘിച്ചുവെന്ന് ഒപ്പുവെച്ച് അധികം വൈകാതെ തന്നെ ഇറാൻ ആരോപിച്ചിരുന്നു. തുടർന്ന് ആ കരാറും അത് നടപ്പിലാക്കിയ വെടിനിർത്തലും ജൂലൈയുടെ തുടക്കത്തോടെ തകർന്നുപോവുകയും ചെയ്തു. ഇറാൻ വളരെ പെട്ടെന്നും ആത്മാർത്ഥമായും ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു ട്രംപ് തിങ്കളാഴ്ച ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. യുഎസ് ചർച്ചകളിൽ ഏർപ്പെടുമോ ഇല്ലയോ എന്ന് താൻ തീരുമാനിക്കുമെന്നും, ആ ആശയത്തോട് തങ്ങൾ അനുകൂലമായ സമീപനമാണ് വെച്ചുപുലർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.















