എപ്സ്റ്റീനുമായി വ്യക്തിബന്ധമില്ല, ഭീഷണിപ്പെടുത്തി കൂടെ നിർത്താൻ ശ്രമിച്ചു: കോൺഗ്രസ് സമിതിക്ക് മുന്നിൽ വെളിപ്പെടുത്തലുകളുമായി ബിൽ ഗേറ്റ്സ്

വാഷിംഗ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് യാതൊരുവിധ വ്യക്തിപരമായ ബന്ധവുമില്ലായിരുന്നുവെന്ന് യു.എസ് കോൺഗ്രസ് കമ്മിറ്റിക്ക് മുന്നിൽ വ്യക്തമാക്കി മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. തൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് സമാഹരിച്ചു നൽകാൻ എപ്സ്റ്റീന് സാധിക്കാതെ വന്നതോടെ 2014-ൽ തന്നെ താൻ ആ ബന്ധം പൂർണ്ണമായി ഉപേക്ഷിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. യു.എസ് ജനപ്രതിനിധി സഭയുടെ ‘ഹൗസ് ഓവർസൈറ്റ് കമ്മിറ്റി’ക്ക് മുന്നിൽ സ്വമേധയാ ഹാജരായി നൽകിയ രഹസ്യ മൊഴിയിലാണ് ശതകോടീശ്വരനായ ബിൽ ഗേറ്റ്സ് നിർണായക വിവരങ്ങൾ പങ്കുവെച്ചത്.

തൻ്റെ വിവാഹജീവിതത്തിലെ വീഴ്ചകളെയും വിവാഹേതര ബന്ധങ്ങളെയും കുറിച്ച് തുറന്നുപറഞ്ഞ ഗേറ്റ്സ്, ഇവ ചൂണ്ടിക്കാണിച്ച് എപ്സ്റ്റൈൻ തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചിരുന്നതായും സമ്മതിച്ചു. “എൻ്റെ വ്യക്തിജീവിതത്തിലെ ചില വീഴ്ചകളും അതിനോടൊപ്പം കെട്ടിച്ചമച്ച നുണകളും ഉപയോഗിച്ച് എന്നെ സമ്മർദ്ദത്തിലാക്കാനും, വീണ്ടും അയാളുടെ വഴിക്ക് കൊണ്ടുവരാനും എപ്സ്റ്റീൻ ശ്രമിച്ചിരുന്നു,” ഗേറ്റ്സ് തൻ്റെ പ്രസ്താവനയിൽ പറഞ്ഞു.

എപ്സ്റ്റീൻ്റെ ഉടമസ്ഥതയിലുള്ള വിവാദ ദ്വീപുകളിലോ ഫാമുകളിലോ താൻ പോയിട്ടില്ലെന്നും ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും ബിൽ ഗേറ്റ്സ് വ്യക്തമാക്കി. രണ്ട് റഷ്യൻ യുവതികളുമായി മുൻപ് ബന്ധമുണ്ടായിരുന്ന കാര്യം സമ്മതിച്ചെങ്കിലും, ഇതുമായി ബന്ധപ്പെട്ട് എപ്സ്റ്റീൻ്റെ ഇമെയിലുകളിൽ പറയുന്ന മറ്റ് ഗുരുതര ആരോപണങ്ങൾ അദ്ദേഹം തള്ളി. ലൈംഗിക രോഗം പിടിപെട്ടപ്പോൾ എപ്സ്റ്റീൻ മരുന്ന് എത്തിച്ചു നൽകിയെന്നോ, അന്നത്തെ ഭാര്യ മെലിൻഡയ്ക്ക് താൻ രഹസ്യമായി ആൻ്റിബയോട്ടിക്കുകൾ നൽകാൻ ശ്രമിച്ചെന്നോ ഉള്ള ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു.

എപ്സ്റ്റീനെ പരിചയപ്പെട്ടത് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായ തീരുമാനമായിരുന്നുവെന്നും അതിൽ താൻ അങ്ങേയറ്റം ഖേദിക്കുന്നുവെന്നും ഗേറ്റ്സ് കമ്മിറ്റിക്ക് മുന്നിൽ ആവർത്തിച്ചു. അതേസമയം, പണം സമാഹരിക്കാനായി എപ്സ്റ്റീൻ സമീപിച്ച പ്രമുഖരായ പല വ്യക്തികളുടെയും പേരുകൾ ഗേറ്റ്സ് സമിതിക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം, എന്നാൽ ഇവ പുറത്തുവിട്ടിട്ടില്ല.

അധികാരവും സ്വാധീനവും പ്രകടിപ്പിക്കാൻ വേണ്ടിയാണ് എപ്സ്റ്റീൻ ബിൽ ഗേറ്റ്സിനെപ്പോലുള്ള പ്രമുഖരുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചതെന്ന് കമ്മിറ്റി അംഗങ്ങൾ വിലയിരുത്തി. എന്നാൽ, എപ്സ്റ്റീൻ കടുത്ത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന വ്യക്തിയാണെന്ന് അറിഞ്ഞിട്ടും ഫൗണ്ടേഷനിലേക്ക് പണം കണ്ടെത്താനായി ഗേറ്റ്സ് അയാൾക്കൊപ്പം ചർച്ചകൾ തുടർന്നുവെന്ന് കമ്മിറ്റിയിലെ മുതിർന്ന ഡെമോക്രാറ്റ് അംഗം റോബർട്ട് ഗാർഷ്യ വിമർശിച്ചു.

നേരത്തെ മുൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റൺ, മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിൻ്റൺ എന്നിവരെയും ഈ സമിതി ചോദ്യം ചെയ്തിരുന്നു. 2019-ൽ ജയിലിൽ വെച്ച് എപ്സ്റ്റീൻ ജീവനൊടുക്കിയിരുന്നു. കേസിൽ എപ്സ്റ്റീൻ്റെ പങ്കാളിയായ ഗിസ്ലെയിൻ മാക്സ്വെൽ നിലവിൽ 20 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്.

No personal relationship with Epstein, tried to keep him with threats: Bill Gates reveals before Congressional committee