
അടൂർ പോലീസ് സ്റ്റേഷനിൽ യാതൊരുവിധ അതിക്രമവും നടത്തിയിട്ടില്ലെന്നും പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയാനാണ് അവിടെയെത്തിയതെന്നും കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കി. കെ.എസ്.യു നേതാവ് ഫെനി നൈനാനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അവർ. പോലീസ് ആവശ്യപ്പെട്ടതനുസരിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുക മാത്രമാണ് ചെയ്തതെന്നും, സെല്ലിനകത്ത് കയറി ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സെല്ലിന് പുറത്തുനിന്ന് “സുഖമാണോ ചേട്ടാ” എന്ന് മാത്രമാണ് ചോദിച്ചതെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.
സ്ത്രീകളെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന യൂട്യൂബറായ രാജനെ പിന്തുണയ്ക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നതെന്നും, അധികാരം നഷ്ടപ്പെട്ടതിന്റെ ചിത്തഭ്രമമാണ് അടൂരിലെ പാർട്ടി നേതാക്കൾ പ്രകടിപ്പിക്കുന്നതെന്നും അവർ ആരോപിച്ചു. സി.പി.എം അടൂർ ഏരിയ സെക്രട്ടറി മനോജിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും തനിക്ക് പൊലീസിൽ നിന്ന് നീതി ലഭിച്ചെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ജൂലൈയിൽ നടന്ന സംഭവത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ പോലീസിന്റെ ഒത്താശയോടെ നടത്തിയ അതിക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. കസ്റ്റഡിയിലുള്ള യൂട്യൂബർ രാജൻ ജോസഫിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൈയേറ്റം ചെയ്യുന്നതും സ്റ്റേഷനുള്ളിൽ കയറി വെല്ലുവിളിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിൽ വ്യക്തമായ ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്കും ഫെനി നൈനാനുമെതിരെ ശക്തമായ നടപടി വേണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.
No Violence at Adoor Police Station, Claims Sreenadevi Kunjamma as CCTV Footage Sparks CPM Protest














