ഇറാന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ആരും ഇടപെടേണ്ട, ട്രംപിന് മറുപടി; പുതിയ നേതാവിനെ ജനങ്ങൾ തീരുമാനിക്കുമെന്ന് അബ്ബാസ് അരാഗ്‌ചി

ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയെ സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ നിർണ്ണായക പ്രതികരണവുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. പുതിയ നേതാവ് ആരായിരിക്കുമെന്ന് ഇപ്പോൾ ആർക്കും അറിയില്ലെന്നും അസംബ്ലി ഓഫ് എക്സ്പെർട്ട്സ് ചേർന്ന് വോട്ടെടുപ്പിലൂടെ മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. എൻബിസി ചാനലിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമിതി ഒത്തുകൂടുന്നത് വരെ ഒരു താൽക്കാലിക നേതൃത്വ കൗൺസിലിനാണ് ഭരണച്ചുമതലയെന്നും രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്റെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിൽ തനിക്കും പങ്കുണ്ടാകണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെ അരാഗ്‌ചി ശക്തമായി തള്ളിക്കളഞ്ഞു. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ആരെയും അനുവദിക്കില്ലെന്നും ഇത് ഇറാൻ ജനതയുടെ മാത്രം തീരുമാനമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. ട്രംപിന്റെ ‘നിരുപാധിക കീഴടങ്ങൽ’ എന്ന ആവശ്യം ഇറാൻ ഒരിക്കലും അംഗീകരിക്കില്ല. കഴിഞ്ഞ ജൂണിൽ ഇറാൻ വെടിനിർത്തലിന് തയ്യാറായിരുന്നുവെന്നും എന്നാൽ ഇത്തവണ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം തുടരാൻ ആർക്കും താല്പര്യമില്ലെങ്കിലും ആത്മരക്ഷാർത്ഥം ഇറാൻ പോരാട്ടം തുടരുമെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. അയൽരാജ്യങ്ങളെ ഇറാൻ ആക്രമിക്കുന്നില്ലെന്നും മറിച്ച് ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെയും താവളങ്ങളെയുമാണ് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അമേരിക്കയാണ് ഈ അധിനിവേശം തുടങ്ങിയതെന്നും അതിന്റെ ഉത്തരവാദിത്തം അവർക്കാണെന്നും അരാഗ്‌ചി ആരോപിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അമേരിക്ക തങ്ങളുടെ നിലപാട് തിരുത്തണമെന്നാണ് ഇറാന്റെ പക്ഷം.

More Stories from this section

family-dental
witywide