പലിശ നിരക്ക് വർദ്ധന: ഫെഡറൽ റിസർവ് ബോർഡിനെതിരെ കടുത്ത വിമർശനവുമായി ട്രംപ്, രാഷ്ട്രീയ ശത്രുത പുലർത്തുന്നുവെന്ന് പ്രസിഡൻ്റ്

വാഷിംഗ്ടൺ: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി അമേരിക്കയിൽ പലിശ നിരക്കുകൾ വർദ്ധിപ്പിച്ച ഫെഡറൽ റിസർവ് ബോർഡിൻ്റെ നടപടിക്കെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഫെഡറൽ റിസർവ് ബോർഡ് തികച്ചും രാഷ്ട്രീയപരമായാണ് പെരുമാറുന്നതെന്നും തന്നോട് കടുത്ത ശത്രുത പുലർത്തുന്ന ബോർഡാണ് അവിടെയുള്ളതെന്നും ട്രംപ് ആരോപിച്ചു.

പലിശ നിരക്കുകൾ അടിയന്തരമായി വെട്ടിക്കുറയ്ക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നതായി ട്രംപ് വെളിപ്പെടുത്തി. “ഇപ്പോൾ പ്രഖ്യാപിച്ച പലിശ നിരക്കുകൾ വളരെ ഉയർന്നതാണ്, ഇത് ഒട്ടും അനുയോജ്യമല്ല. ബോർഡ് വളരെ ശത്രുതാപരമായാണ് പെരുമാറുന്നത്. ഞാൻ ഫെഡ് ചെയർമാൻ കെവിൻ വാർഷിനോട് സംസാരിച്ചിരുന്നു. ബോർഡിനൊപ്പം വോട്ട് ചെയ്തേക്കൂ, കാരണം നിങ്ങളുടെ വോട്ട് കൊണ്ട് മാത്രം മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല എന്നാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്,” ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി. അമേരിക്കയിലെ പലിശ നിരക്കുകൾ വേഗത്തിൽ കുറയ്ക്കണമെന്ന് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയും ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആദ്യമായാണ് അമേരിക്കയിൽ പലിശ നിരക്ക് വർദ്ധിപ്പിക്കുന്നത്. ഫെഡറൽ റിസർവ് സമിതി ഏകകണ്ഠമായാണ് ഈ തീരുമാനമെടുത്തത്. ഇതോടെ പലിശ നിരക്കുകൾ 3.5%-3.75% എന്ന പരിധിയിൽ നിന്നും 3.75%-4% ആയി ഉയർന്നു.

അമേരിക്കയിൽ പണപ്പെരുപ്പം വളരെ ഉയർന്ന നിലയിലാണെന്നും, നിരക്ക് വർദ്ധനവ് തികച്ചും ഉത്തരവാദിത്തമുള്ള തീരുമാനമാണെന്നും ഫെഡ് ചെയർമാൻ കെവിൻ വാർഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. യു.എസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ അന്താരാഷ്ട്ര എണ്ണവില വർദ്ധനവാണ് അമേരിക്കയിൽ നിലവിൽ വിലക്കയറ്റത്തിന് കാരണമായിരിക്കുന്നത്. വരും മാസങ്ങളിൽ നിരക്കുകൾ ഇനിയും വർദ്ധിച്ചേക്കുമെന്നാണ് ഫെഡ് ബോർഡ് നൽകുന്ന സൂചന.

അതേസമയം, ഫെഡറൽ റിസർവിൻ്റെ തീരുമാനം അമേരിക്കൻ ജനതയെ കൂടുതൽ കടക്കെണിയിലാക്കുമെന്ന് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി വിമർശിച്ചു. ഈ തീരുമാനം രാജ്യത്ത് എല്ലാ സാധനങ്ങൾക്കും വില കൂടുവാൻ കാരണമാകുമെന്നും, സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യാൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് അറിയില്ലെന്നതിൻ്റെ തെളിവാണിതെന്നും സെനറ്റിലെ മുതിർന്ന ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമർ കുറ്റപ്പെടുത്തി.

കേന്ദ്ര ബാങ്കിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രമുഖ അമേരിക്കൻ ബാങ്കുകളായ ജെ.പി മോർഗൻ, കീ കോർപ്പ്, ബി.എൻ.വൈ എന്നിവ തങ്ങളുടെ അടിസ്ഥാന വായ്പാ നിരക്കുകൾ 7 ശതമാനമായി ഉയർത്തി. ഇതോടെ പുതിയതായി ഭവന വായ്പകൾ (Mortgages), വ്യക്തിഗത വായ്പകൾ, ക്രെഡിറ്റ് കാർഡ് വായ്പകൾ എന്നിവ എടുക്കുന്നവർക്ക് പ്രതിമാസ തിരിച്ചടവ് തുക വർദ്ധിക്കും. എന്നാൽ ബാങ്ക് നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ ലഭിക്കുമെന്നത് നിക്ഷേപകർക്ക് ആശ്വാസകരമാണ്.

U.S. President Donald Trump expressed strong dissatisfaction with the Federal Reserve Board’s decision to raise interest rates in the United States.

More Stories from this section

family-dental
witywide