റഷ്യൻ എണ്ണ വാങ്ങിയാൽ 100% നികുതി; ഉപരോധ ബിൽ പാസ്സാക്കി യുഎസ്, ഇന്ത്യയ്ക്ക് പുതിയ വെല്ലുവിളി, ചൈനയ്ക്കും ‘പണി’

വാഷിംഗ്ടൺ/ന്യൂഡൽഹി: റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ കടുത്ത നികുതി ചുമത്താൻ യു.എസ് പ്രസിഡൻ്റിന് അധികാരം നൽകുന്ന ഉപരോധ ബിൽ അമേരിക്കൻ ജനപ്രതിനിധി സഭ (ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ്) പാസാക്കി. പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയിലെ പ്രമുഖ നേതാക്കളുടെ കടുത്ത എതിർപ്പ് മറികടന്ന് 159-നെതിരെ 262 വോട്ടുകൾക്കാണ് “ദി ലിൻഡ്സി ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026” യു.എസ് സഭ പാസാക്കിയത്.

റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ അസംസ്‌കൃത എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്ന ആദ്യ അഞ്ച് രാജ്യങ്ങൾക്ക് മേൽ 100% വരെ ഇറക്കുമതി നികുതി ചുമത്താൻ യു.എസ് പ്രസിഡൻ്റിന് ഈ ബിൽ നിയമപരമായ അധികാരം നൽകുന്നു. നിലവിൽ ചൈന കഴിഞ്ഞാൽ റഷ്യൻ അസംസ്‌കൃത എണ്ണയുടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവാണ് ഇന്ത്യ എന്നതിനാൽ ഈ നിയമം ന്യൂഡൽഹിയുടെ ഊർജ്ജ നയങ്ങളെ നേരിട്ട് ബാധിക്കും.

യുക്രൈൻ യുദ്ധത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങളുടെ വിലക്കുകൾ മറികടന്ന് ഇന്ത്യ റഷ്യയിൽ നിന്ന് വൻതോതിൽ കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങിയിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി 15 ശതമാനത്തിൽ താഴെയായി കുറയ്ക്കുകയോ, അത് ഘട്ടംഘട്ടമായി നിർത്തലാക്കാനുള്ള കൃത്യമായ നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ലെങ്കിൽ അമേരിക്കൻ വിപണിയിൽ ഇന്ത്യക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടേണ്ടി വരും.

പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ നിർദ്ദേശപ്രകാരം ഇറാന്റെ ഊർജ്ജ മേഖലയ്ക്കുള്ള ഉപരോധവും ഈ ബില്ലിലൂടെ നീട്ടിയിട്ടുണ്ട്. ഇത് ചബഹാർ തുറമുഖം വഴിയുള്ള ഇന്ത്യയുടെ വ്യാപാര നീക്കങ്ങളെയും ബാധിച്ചേക്കാം. അതേസമയം, അമേരിക്കൻ ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തി ഈ ഉപരോധങ്ങളിൽ ഇളവ് നൽകാൻ പ്രസിഡന്റിന് പ്രത്യേക അധികാരവുമുണ്ട്. ഇന്ത്യയുമായുള്ള തന്ത്രപരമായ സൗഹൃദം പരിഗണിച്ച് ട്രംപ് ഭരണകൂടം ഇളവുകൾ അനുവദിക്കുമോ അതോ കർശന നിലപാട് സ്വീകരിക്കുമോ എന്നാണ് ഇനി ഇന്ത്യ ഉറ്റുനോക്കുന്നത്.

100% tax on Russian oil purchases; US passes sanctions bill, a new challenge for India, and a blow to China too.

More Stories from this section

family-dental
witywide