
ദോഹ: യുഎസ് നേവിയുടെ അകമ്പടിയോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കയറ്റുമതിയുടെ പ്രതിവാര ശരാശരി ഉയരുന്നുണ്ടെന്നും അത് തുടർന്നും വർദ്ധിക്കുമെന്നും യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് തിങ്കളാഴ്ച വ്യക്തമാക്കി. റോയിട്ടേഴ്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുഎൻ ആണവ നിരീക്ഷണ സമിതിയുടെ യോഗത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഏഴ് ദിവസത്തെ റോളിംഗ് ശരാശരിയിലെ പ്രവണത ഉയർന്നു കൊണ്ടിരിക്കുകയാണ്, അത് ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ ഒന്നിന് ഒറ്റ ദിവസം മാത്രം 18 ദശലക്ഷം ബാരൽ എണ്ണ ഇതുവഴി കടന്നുപോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തന്ത്രപ്രധാനമായ ഈ ജലപാതയുടെ ഭാവി നിയന്ത്രണത്തെക്കുറിച്ച് ഇറാനുമായും മറ്റ് മേഖലാ രാജ്യങ്ങളുമായും ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റിൽ നടത്താൻ നിശ്ചയിച്ചിരുന്ന യോഗം “സമവായത്തിന്റെ താൽപ്പര്യാർത്ഥം” മാറ്റിവെച്ചതായി ഒമാൻ സർക്കാർ തിങ്കളാഴ്ച അറിയിച്ചു.















