
ന്യൂയോർക്ക്: അക്കില്ലീസ് ടെൻഡണിന് പരുക്കേറ്റതിനെ തുടർന്ന് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിക്ക് ശസ്ത്രക്രിയ നടത്തി. വെള്ളിയാഴ്ച നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും അദ്ദേഹം പൂർണമായി സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മേയറുടെ പ്രസ് സെക്രട്ടറി അറിയിച്ചു.
ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത മംദാനി ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷനിൽ വിശ്രമത്തിലാണ്. രാവിലെ 11.33ന് ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയ്ക്ക് 12.42നാണ് പൂർത്തിയായത്. ചികിത്സ നൽകിയ മെഡിക്കൽ സംഘത്തിന് നന്ദി അറിയിക്കുന്നതായും പ്രസ് സെക്രട്ടറി പ്രസ്താവനയിൽ വ്യക്തമാക്കി.
മംദാനി സുഖം പ്രാപിക്കുന്നതുവരെ നഗരത്തിന്റെ ദൈനംദിന ഭരണകാര്യങ്ങൾക്ക് ഫസ്റ്റ് ഡെപ്യൂട്ടി മേയർ ഡീൻ ഫുലിഹാൻ നേതൃത്വം നൽകും.
കഴിഞ്ഞയാഴ്ച സിറ്റി ഹാൾ മാധ്യമപ്രവർത്തകർക്കെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിനിടെയാണ് മംദാനിക്ക് പരുക്കേറ്റത്. അക്കില്ലീസ് ടെൻഡൺ പൊട്ടിയതിനെ തുടർന്ന് പൊതുപരിപാടികളിൽ വലതുകാലിൽ ബൂട്ടും ഊന്നുവടിയുമായാണ് അദ്ദേഹം പങ്കെടുത്തിരുന്നത്.
മത്സരത്തിന് ഇറങ്ങുന്നതിന് മുൻപ് ശരിയായ രീതിയിൽ വാംഅപ്പ് ചെയ്തിരുന്നില്ലെന്നും സ്ട്രെച്ചിങ് നടത്തിയിരുന്നില്ലെന്നും മംദാനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഒരു ഗോൾ നേടിയതിന് തൊട്ടുപിന്നാലെയാണ് പരുക്കേറ്റതെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്ക് 35 വയസ്സായി എന്ന കാര്യം ഞാൻ മറന്നുപോയി’ എന്നായിരുന്നു പരുക്കിനെക്കുറിച്ചുള്ള വാർത്താസമ്മേളനത്തിൽ മംദാനിയുടെ തമാശ നിറഞ്ഞ പ്രതികരണം.















