SAT പരീക്ഷ നടത്തുന്ന കോളജ് ബോർഡിന് നേരെ സൈബർ ആക്രമണം; വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

ന്യൂയോർക്ക്: അമേരിക്കയിലെ പ്രമുഖ കോളജ് പ്രവേശന പരീക്ഷയായ SAT നടത്തുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനമായ കോളജ് ബോർഡിന് (College Board) നേരെ സൈബർ ആക്രമണം. ഹാക്കർമാർ സ്ഥാപനത്തിന്റെ ചില സംവിധാനങ്ങളിൽ കടന്നുകയറി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയതായി അധികൃതർ സ്ഥിരീകരിച്ചു.

പുതിയ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നതിനും സാമ്പത്തിക സഹായത്തിനായുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനും ഉപയോഗിക്കുന്ന സംവിധാനങ്ങളാണ് ആക്രമണത്തിന് ഇരയായത്. വെള്ളിയാഴ്ച വൈകിട്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് കോളജ് ബോർഡ് വിവരങ്ങൾ പുറത്തുവിട്ടത്. ചില ഉപയോക്താക്കളുടെ പേര്, ഇമെയിൽ വിലാസം തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ചോർന്നതായും ചില അക്കൗണ്ടുകളിൽ പാസ്‌വേഡ് റീസെറ്റ് നടപടികൾ ആരംഭിക്കാൻ ഹാക്കർമാർക്ക് കഴിഞ്ഞതായും അധികൃതർ അറിയിച്ചു.

ആക്രമണത്തെ തുടർന്ന് പുതിയ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നതിനുള്ള സൗകര്യം സ്ഥാപനം താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ പരീക്ഷാഫലങ്ങളുടെയും പഠനസാമഗ്രികളുടെയും ശേഖരത്തിലേക്ക് അനധികൃതമായി പ്രവേശനം നടന്നതിന് തെളിവുകളില്ലെന്ന് കോളജ് ബോർഡ് വ്യക്തമാക്കി.

അമേരിക്കയിലെ ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട നിർണായക സംവിധാനത്തെയാണ് സൈബർ ആക്രമണം ലക്ഷ്യമിട്ടത്. ഓരോ വർഷവും ദശലക്ഷക്കണക്കിന് വിദ്യാർഥികളാണ് കോളജ് പ്രവേശനം, അക്കാദമിക് ക്രെഡിറ്റ്, സാമ്പത്തിക സഹായം എന്നിവയ്ക്കായി സ്ഥാപനത്തിന്റെ സേവനങ്ങൾ ഉപയോഗിക്കുന്നത്. SAT, അഡ്വാൻസ്ഡ് പ്ലേസ്‌മെന്റ് (AP) പരീക്ഷകൾക്ക് പുറമെ കോളജ് സാമ്പത്തിക സഹായത്തിനുള്ള CSS Profile സംവിധാനവും സ്ഥാപനം നടത്തുന്നു.

CSS Profile ഉപയോഗിക്കുന്നവരെ ആക്രമണം എത്രത്തോളം ബാധിച്ചുവെന്ന് പരിശോധിച്ചുവരികയാണെന്ന് കോളജ് ബോർഡ് വക്താവ് മാസി റിറ്റ്ഷ് അറിയിച്ചു. കുടുംബങ്ങളുടെ വരുമാനം, നികുതി വിവരങ്ങൾ തുടങ്ങിയ അതീവ സ്വകാര്യ വിവരങ്ങൾ സാമ്പത്തിക സഹായ അപേക്ഷകളിൽ ഉൾപ്പെടുന്നതിനാൽ പരിശോധന നിർണായകമാണ്.

സ്ഥാപനത്തിന്റെ ദശലക്ഷക്കണക്കിന് അക്കൗണ്ടുകളിൽ ചെറിയൊരു വിഭാഗത്തെ മാത്രമാണ് പ്രാഥമിക പരിശോധനയിൽ ബാധിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹാക്കർമാർ ഉപയോഗിച്ചത് ആർട്ടെക്സ് (ARTEX) എന്ന ഓപ്പൺ സോഴ്‌സ് നിർമിതബുദ്ധി ഉപകരണമാണെന്നാണ് പ്രാഥമിക നിഗമനമെന്നും റിറ്റ്ഷ് പറഞ്ഞു.

ലോകമെമ്പാടുമുള്ള പ്രമുഖ സ്ഥാപനങ്ങൾക്കെതിരായ സൈബർ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് സംഭവം. യുഎസ് വ്യോമസേനയുടെ പ്രധാന ക്ലൗഡ് കമ്പ്യൂട്ടിങ് സംവിധാനവും രാജ്യാന്തര ഫുട്ബോൾ സംഘടനയായ ഫിഫയും അടുത്തിടെ സൈബർ ആക്രമണങ്ങൾക്ക് ഇരയായിരുന്നു.

നിർമിതബുദ്ധിയുടെ വളർച്ച സൈബർ ആക്രമണങ്ങളുടെ സാധ്യത വർധിപ്പിക്കുന്നതായി വിവിധ സർക്കാരുകളും ഇൻഷുറൻസ് സ്ഥാപനങ്ങളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കമ്പനികളെയും സർക്കാർ ഏജൻസികളെയും ലക്ഷ്യമിട്ട് ഓഗസ്റ്റ് മുതൽ ARTEX ഉപകരണം ഉപയോഗിക്കുന്നതായി എഫ്ബിഐ കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

More Stories from this section

family-dental
witywide