
അനിൽ മറ്റത്തിക്കുന്നേൽ
ലോസ് ആഞ്ചലസ്: ദക്ഷിണ കാലിഫോർണിയയിലെ മാൻഹാറ്റൻ ബീച്ചിന് സമീപം ശനിയാഴ്ച
രാവിലെ 5.0 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടു. നവംബർ 28-ന് പ്രാദേശിക സമയം
രാവിലെ 9:30-നായിരുന്നു ഭൂചലനമെന്ന് യു.എസ്. ജിയോളജിക്കൽ സർവേ
(യുഎസ്ജിഎസ്) അറിയിച്ചു. മാൻഹാറ്റൻ ബീച്ചിൽനിന്ന് ആറു കിലോമീറ്ററോളം
പടിഞ്ഞാറ്-തെക്കുപടിഞ്ഞാറായി കടലിലായിരുന്നു പ്രഭവകേന്ദ്രം. ലോസ് ആഞ്ചലസ് മേഖലയിലും കുലുക്കം അനുഭവപ്പെട്ടു.
പ്രധാന ഭൂചലനത്തിനു പിന്നാലെ സമീപപ്രദേശത്ത് ഒന്നിലധികം തുടർചലനങ്ങൾ
രേഖപ്പെടുത്തി. രാവിലെ 11:41-ന് അതേ മേഖലയിൽ 4.6 തീവ്രതയുള്ള ചലനവും
യുഎസ്ജിഎസ് രേഖപ്പെടുത്തി.
ആദ്യ ഭൂചലനത്തിന് പിന്നാലെ ലോസ് ആഞ്ചലസ് അഗ്നിശമനസേന നഗരത്തിലെ 106 ഫയർ
സ്റ്റേഷനുകളിൽനിന്നുള്ള സംഘങ്ങളെ പരിശോധനയ്ക്കായി നിയോഗിച്ചു. രാവിലെ
10:40-ന് പൂർത്തിയാക്കിയ പരിശോധനയിൽ നഗരപരിധിക്കുള്ളിൽ കാര്യമായ
നാശനഷ്ടമോ പരിക്കുകളോ കണ്ടെത്തിയില്ലെന്ന് സേന അറിയിച്ചു. പ്രധാന
ഭൂചലനത്തെ തുടർന്ന് സുനാമി ഭീഷണിയില്ലെന്ന് ദേശീയ സുനാമി മുന്നറിയിപ്പ്
കേന്ദ്രവും അറിയിച്ചു.















