ചൈനീസ് സൈബർ ഇടങ്ങളിൽ ഇന്ത്യക്കാർക്ക് വംശീയ അധിക്ഷേപം; വർക്ക് വിസ വെട്ടിക്കുറച്ചു, പങ്കാളികൾക്ക് ജോലിയില്ല, എംബസിയിൽ പരാതിയുമായി പ്രവാസികൾ

ബീജിംഗ്: ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇന്ത്യക്കാർക്കെതിരെ വർദ്ധിച്ചുവരുന്ന വംശീയ-സാംസ്കാരിക അധിക്ഷേപങ്ങൾക്കെതിരെ ചൈനയിലെ ഇന്ത്യൻ പ്രവാസി സമൂഹം രംഗത്ത്. ബീജിംഗിലെ ഇന്ത്യൻ എംബസി വർഷങ്ങൾക്ക് ശേഷം സംഘടിപ്പിച്ച ആദ്യ ‘ഓപ്പൺ ഹൗസ്’ പ്രവാസി സമ്പർക്ക പരിപാടിയിലാണ് പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം തങ്ങൾ നേരിടുന്ന ഗുരുതരമായ പ്രതിസന്ധികൾ അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

ഇന്ത്യക്കാരുടെ ഭക്ഷണരീതികളെയും സംസ്കാരത്തെയും പരിഹസിക്കുന്ന തരത്തിലുള്ള മോശം ഉള്ളടക്കങ്ങളാണ് ചൈനീസ് സൈബർ ഇടങ്ങളിൽ വ്യാപകമാകുന്നത്. സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾക്ക് പുറമെ, ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ചൈന നൽകുന്ന വർക്ക് വിസകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായും പ്രവാസികൾ പരാതിപ്പെട്ടു. ചൈനയിലുള്ള ഇന്ത്യൻ ജീവനക്കാരുടെ പങ്കാളികൾക്ക് (ഭാര്യ/ഭർത്താവ്) ജോലി ചെയ്യുന്നതിനുള്ള കടുത്ത നിയന്ത്രണങ്ങളും, കൺസുലാർ സേവനങ്ങൾ ലഭിക്കുന്നതിലെ താമsaveസവും പ്രവാസികൾ യോഗത്തിൽ ഉന്നയിച്ചു.

വിഷയത്തിൽ ഇന്ത്യൻ എംബസി ഇടപെടൽ ശക്തമാക്കിയതായി ചൈനയിലെ ഇന്ത്യൻ അംബാസഡർ വിക്രം ദൊരൈസ്വാമി അറിയിച്ചു. ചൈനീസ് സോഷ്യൽ മീഡിയയിലെ അധിക്ഷേപകരമായ പ്രചാരണങ്ങളിൽ ചൈനീസ് സർക്കാരിനും ആശങ്കയുണ്ടെന്നും, ഇത് തടയാൻ അവർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അംബാസഡർ വ്യക്തമാക്കി. വ്യാജപ്രചാരണങ്ങളെ പ്രതിരോധിക്കാൻ എംബസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി കൃത്യമായ വിവരങ്ങൾ പങ്കുവെക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനയിൽ തൊഴിൽ സംബന്ധമായ നിയമപ്രശ്നങ്ങൾ നേരിടുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിനായി നിയമവിദഗ്ദ്ധരെ ഉൾപ്പെടുത്തിയുള്ള പ്രത്യേക സംവിധാനം എംബസി ഉടൻ നിലവിൽ വരുത്തും. ഇന്ത്യയിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി, ചൈനീസ് പൗരന്മാർക്ക് ഇന്ത്യൻ വിസയ്ക്കുള്ള അപേക്ഷാ രേഖകൾ അടുത്ത ആഴ്ച മുതൽ കൂടുതൽ ലളിതമാക്കും.

ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരവും ഭക്ഷണരീതികളും ചൈനക്കാർക്ക് പരിചയപ്പെടുത്താൻ ‘വസന്ത് മേള’ പോലുള്ള വലിയ സാംസ്കാരിക പരിപാടികൾ കൂടുതൽ വിപുലമായി സംഘടിപ്പിക്കും. പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ ഇത്തരം ‘ഓപ്പൺ ഹൗസ്’ ചർച്ചകൾ ഇനി മുതൽ കൃത്യമായ ഇടവേളകളിൽ തുടരുമെന്നും അംബാസഡർ അറിയിച്ചു. കൗൺസിലർമാരായ നിതിൻജീത് സിംഗ്, രമേശ് സിംഗ് എന്നിവരും പ്രവാസികളുമായുള്ള ആശയവിനിമയത്തിൽ പങ്കെടുത്തു.

Indians face racial abuse in Chinese cyberspace; Work visas cut, partners out of work, expatriates complain to embassy

More Stories from this section

family-dental
witywide