
പാരീസ്: ഇറാനുമായുള്ള യുദ്ധത്തെത്തുടർന്ന് എണ്ണ വിതരണം തടസ്സപ്പെട്ടാൽ വരും ദിവസങ്ങളിൽ യൂറോപ്പിലെ വിമാന സർവീസുകൾ വൻതോതിൽ റദ്ദാക്കേണ്ടി വരുമെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി മേധാവി ഫാത്തി ബിറോൾ മുന്നറിയിപ്പ് നൽകി. യൂറോപ്പിൽ ഇനി ഏകദേശം ആറാഴ്ചത്തേക്ക് മാത്രമുള്ള വിമാന ഇന്ധനം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് അസോസിയേറ്റഡ് പ്രസ്സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ഇന്ധനക്ഷാമം ഈ മാസം അവസാനമോ മെയ് ആദ്യവാരമോ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് ഏപ്രിൽ ഒന്നിന് അദ്ദേഹം നൽകിയ മുന്നറിയിപ്പിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചില്ലെങ്കിൽ നഗരങ്ങൾക്കിടയിലുള്ള വിമാന സർവീസുകൾ ഇന്ധനമില്ലാത്തതിനാൽ റദ്ദാക്കുന്നു എന്ന വാർത്തകൾ ഉടൻ കേട്ടുതുടങ്ങുമെന്ന് ബിറോൾ പറഞ്ഞു. എന്നാൽ യൂറോപ്യൻ വിമാനത്താവളങ്ങളുടെ സംഘടനയായ എസിഐ യൂറോപ്പ് പുറത്തുവിട്ട കണക്കുകൾ ഇതിലും ആശങ്കാജനകമാണ്. യൂറോപ്പിലെ ഇന്ധന ശേഖരം മൂന്നാഴ്ചയ്ക്കുള്ളിൽ തീരുമെന്നാണ് ഏപ്രിൽ ഒൻപതിന് അവർ നൽകിയ മുന്നറിയിപ്പിൽ പറയുന്നത്. യുദ്ധം ആരംഭിച്ചത് മുതൽ ഇന്ധനവില കുതിച്ചുയർന്ന സാഹചര്യത്തിൽ ലാഭകരമല്ലാത്ത പല സർവീസുകളും എയർലൈൻ കമ്പനികൾ ഇതിനോടകം തന്നെ നിർത്തിവെച്ചിരിക്കുകയാണ്.















