
മസ്കറ്റ്: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ നാവിക മൈൻ (കടൽ ബോംബ്) എന്ന് സംശയിക്കുന്ന ഒരു വസ്തു ഒഴുകിനടക്കുന്നതായി കണ്ടെത്തിയെന്ന് ഒമാൻ അധികൃതർ. ഒമാന്റെ പ്രാദേശിക സമുദ്രാതിർത്തിക്കുള്ളിലെ ‘ഇൻഷോർ ട്രാഫിക് സോണിന്’ പടിഞ്ഞാറ് ഭാഗത്തായാണ് ഈ സംശയാസ്പദമായ വസ്തു കണ്ടെത്തിയത്. ഇതേത്തുടർന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെ മേഖലയിലെ കപ്പലുകൾക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നൽകി.
ഈ മേഖലയിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും നാവികരും അതീവ ജാഗ്രത പാലിക്കണമെന്നും, സംശയാസ്പദമായ വസ്തുക്കളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും സെന്റർ നിർദ്ദേശിച്ചു. അത്തരം വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കണമെന്നും ഒമാൻ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് മാസങ്ങളായി ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച തെക്കൻ ഇറാന് സമീപം മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാന്റെ ബോട്ടുകൾക്ക് നേരെ തങ്ങൾ ആക്രമണം നടത്തിയതായി യു.എസ് സൈന്യം വ്യക്തമാക്കിയിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ മൈനുകളും ഇറാൻ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കർശനമായി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കടലിടുക്കിൽ വീണ്ടും മൈൻ കണ്ടെത്തിയത് മേഖലയിലെ നാവിക സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചിരിക്കുകയാണ്.













