ടൊറന്റോ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘ലേക്ക് ഒന്റാരിയോ’യെ ‘ലേക്ക് അമേരിക്ക’ എന്ന് വിളിക്കണമെന്ന ഉത്തരവിന് മറുപടിയായി കൂറ്റൻ ബോർഡുമായി കാനഡ. ഒന്റാരിയോ പ്രവിശ്യയുടെ തലവൻ ( Ontario Premier) ഡഗ് ഫോർഡ് കനേഡിയൻ തീരത്ത് “Lake Ontario. Now and Always” (ലേക്ക് ഒന്റാരിയോ. ഇന്നും എന്നും) എന്നെഴുതിയ കൂറ്റൻ ബോർഡ് സ്ഥാപിച്ചു.
ഒന്റാരിയോയിലേ ഗ്രിംസ്ബിക്ക് സമീപം കനേഡിയൻ ദേശീയ ഫുട്ബോൾ ടീമിന്റെ ജേഴ്സി ധരിച്ചെത്തിയ ഫോർഡ് ബോർഡ് അനാച്ഛാദനം ചെയ്തു. 24 അടി നീളവും 12 അടി വീതിയുമുള്ള ബോർഡിന് ആറ് അടി ഉയരമുള്ള കാലുകളാണുള്ളത്. ബോർഡിന്റെ മുകൾഭാഗം നിലത്തുനിന്ന് ഏകദേശം 18 അടി ഉയരത്തിലാണ്. ഫ്രഞ്ച് ഭാഷയിലും സന്ദേശം രേഖപ്പെടുത്തിയിട്ടുണ്ട്.

‘ലേക്ക് ഒന്റാരിയോ’യെ ‘ലേക്ക് അമേരിക്ക’ എന്ന് വിളിക്കാൻ യുഎസ് ഫെഡറൽ ഏജൻസികൾക്ക് നിർദേശം നൽകിയ ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിന് പിന്നാലെയാണ് ഫോർഡിന്റെ നടപടി. കാനഡയെ 51-ാമത്തെ യുഎസ് സംസ്ഥാനമാക്കുമെന്ന ഭീഷണിയും കനേഡിയൻ നേതാക്കൾക്കെതിരായ വ്യക്തിപരമായ വിമർശനങ്ങളും ഉൾപ്പെടെ മാസങ്ങളായി തുടരുന്ന തർക്കങ്ങൾക്കിടെയാണ് കാനഡയുടെ പ്രതികരണം.
ഒന്റാരിയോയും കാനഡയും “സ്വന്തം താൽപര്യങ്ങൾക്കായി നിലകൊള്ളുന്നതിനാലാണ്” ട്രംപ് തടാകത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുന്നതെന്ന് ഫോർഡ് ആരോപിച്ചു. പ്രസിഡന്റ് ട്രംപ് അധികാരത്തിൽ നിന്ന് മാറി ഏറെക്കാലം കഴിഞ്ഞാലും ഈ തടാകം ലേക്ക് ഒന്റാരിയോ എന്നുതന്നെ അറിയപ്പെടുമെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ ഫോർഡ് പറഞ്ഞു.
കനേഡിയൻ ചരിത്രകാരൻ റോബർട്ട് ബോത്‌വെലും ട്രംപിന്റെ നീക്കത്തെ രൂക്ഷമായി വിമർശിച്ചു. എന്നാൽ ഇത് വെറും തമാശയായി കാണേണ്ട വിഷയമല്ലെന്നും കാനഡയെ കീഴ്പ്പെടുത്തി അധീന രാജ്യമായി മാറ്റുകയോ യുഎസിൽ ലയിപ്പിക്കുകയോ ചെയ്യുക എന്നതാണ് ട്രംപിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. ട്രംപിന് കാനഡ ഒരു “വാസൽ സ്റ്റേറ്റായി” പെരുമാറണമെന്നാണ് ആഗ്രഹമെന്നും എന്നാൽ കാനഡ അതിന് തയ്യാറാകാത്തത് അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നുവെന്നും ടൊറന്റോ സർവകലാശാലയിലെ പ്രൊഫസർ എമിറിറ്റസ് നെൽസൺ വൈസ്മാൻ പറഞ്ഞു.
ശനിയാഴ്ചയും ‘ലേക്ക് അമേരിക്ക’ എന്ന പേര് ട്രംപ് പ്രചരിപ്പിച്ചു. കാനഡ ഗീസുകൾ ‘ലേക്ക് അമേരിക്കയെ സംരക്ഷിക്കുന്നതായി’ ചിത്രീകരിച്ച ഒരു മീമും അദ്ദേഹം പങ്കുവച്ചു.
‘ലേക്ക് ഒന്റാരിയോ’ പേരിന് തദ്ദേശീയ വേരുകൾ
‘ലേക്ക് ഒന്റാരിയോ’ എന്ന പേര് ഹ്യൂറോൺ തദ്ദേശീയ ജനതയുടെ “oniatari:io” എന്ന വാക്കിൽ നിന്നാണ് ഉണ്ടായത്. “തിളങ്ങുന്ന ജലത്തിന്റെ തടാകം”എന്നാണ് ഇതിന്റെ അർഥം. 1867ൽ സ്ഥാപിതമായ കനേഡിയൻ പ്രവിശ്യയായ ഒന്റാരിയോയും തടാകത്തിന്റെ പേരാണ് സ്വീകരിച്ചത്. വെൻഡാറ്റ് നേഷന്റെ ഗ്രാൻഡ് ചീഫ് പിയറി പിക്കാർഡ്, ട്രംപിന്റെ പേരുമാറ്റ നീക്കം തദ്ദേശീയ ചരിത്രം ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ചു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ട്രംപിന്റെ നീക്കം തള്ളി. തടാകത്തിന് തദ്ദേശീയ വേരുകളുണ്ടെന്നും കാനഡ രൂപീകരിക്കുന്നതിനും അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനും മുമ്പേ ‘ലേക്ക് ഒന്റാരിയോ’ എന്ന പേര് നിലനിന്നിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Ontario Premier Doug Ford answered President Donald Trump’s “Lake America” decree Saturday with a billboard-sized message on the Canadian shoreline – “Lake Ontario. Now and Always











