വീണ്ടും യുദ്ധത്തിലേക്കോ? ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരായ ആക്രമണം പുനരാരംഭിക്കാൻ യുഎസും ഇസ്രയേലും ലക്ഷ്യമിടുന്നതായി റിപ്പോർട്ട്

നവംബർ 3ന് നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരായ ആക്രമണം പുനരാരംഭിക്കാൻ യുഎസും ഇസ്രയേലും പദ്ധതിയിടുന്നതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പിന് മുമ്പ് എണ്ണവിപണിയിൽ അസ്ഥിരത സൃഷ്ടിക്കുന്നത് ഒഴിവാക്കാനാണ് ആക്രമണം വൈകിപ്പിക്കുന്നതെന്നാണ് സൂചന. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം സൈനിക നടപടി ഉണ്ടാകുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.

ഇറാന്റെ എണ്ണവ്യവസായവുമായി ബന്ധപ്പെട്ട പെട്രോകെമിക്കൽ കേന്ദ്രങ്ങളും ആണവസൗകര്യങ്ങളും പുതിയ ആക്രമണങ്ങളുടെ ലക്ഷ്യമായേക്കും. ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ദുർബലപ്പെടുത്തുകയും നിലവിലെ ഉപരോധം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ഇസ്രയേൽ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

ആക്രമണം പുനരാരംഭിക്കുന്നതിനെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിന്തുണയ്ക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേതായിരിക്കും. ഇറാനുമായുള്ള ചർച്ചകളുടെ പുരോഗതിയെക്കുറിച്ച് ട്രംപ് പരസ്പരവിരുദ്ധമായ പ്രതികരണങ്ങളാണ് നടത്തിയത്.

ഇറാനെതിരായ സൈനിക നടപടി പുനരാരംഭിക്കുന്നതിനുള്ള സാധ്യതകൾക്കിടെ, മധ്യപൂർവദേശത്തെ യുഎസ് സൈനിക താവളങ്ങളിൽ സൈനികരെയും ഉപകരണങ്ങളെയും പുനർവിന്യസിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, സൗദി അറേബ്യയിലെ അനിവാര്യമല്ലാത്ത യുഎസ് സർക്കാർ ജീവനക്കാരോടും കുടുംബാംഗങ്ങളോടും രാജ്യം വിടാൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിർദേശിച്ചു.

US and Israel drawing up plans to resume attacks on Iran post-election, sources say