
ടെഹ്റാൻ: ഇറാനിൽ നിരോധിത പ്രതിപക്ഷ സംഘടനയായ പീപ്പിൾസ് മുജാഹിദീൻ ഓർഗനൈസേഷൻ ഓഫ് ഇറാന്റെ (എംഇകെ) പതാകയേന്തി പ്രതിഷേധിച്ച സംഘത്തെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ടെഹ്‌റാന് പടിഞ്ഞാറുള്ള കരാജ് നഗരത്തിലെ വിജനമായ തെരുവുകളിലൂടെ ഒരു കൂട്ടം ആളുകൾ മോട്ടോർ സൈക്കിളുകളിൽ എംഇകെയുടെ വെള്ളയും ചുവപ്പും കലർന്ന പതാകയും പിടിച്ച് യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഈ വീഡിയോയിൽ ഉൾപ്പെട്ട എല്ലാവരെയും തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഞായറാഴ്ച ഇ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചു. എന്നാൽ കേസിൽ ആകെ എത്ര പേർ പിടിയിലായെന്നോ ദൃശ്യങ്ങൾ എന്ന് ചിത്രീകരിച്ചതാണെന്നോ ഉള്ള വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ് ഇറാനിൽ എംഇകെയ്ക്ക് ഔദ്യോഗികമായി നിരോധനം ഏർപ്പെടുത്തിയത്. വിദേശത്ത് നിന്ന് പ്രവർത്തിക്കുന്ന ഈ സംഘടന ഇറാന്റെ നിലവിലെ ഭരണകൂടത്തെ അട്ടിമറിക്കാൻ ലക്ഷ്യമിടുന്നവരാണ്. ഇവർ ഇസ്രായേലുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഇറാൻ ഭരണകൂടം ദീർഘകാലമായി ആരോപിക്കുന്നുണ്ട്.















