
ടെഹ്റാൻ: ഇറാനിലെ സർക്കാർ സംവിധാനങ്ങൾക്ക് പാശ്ചാത്യ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ഇറാൻ പരമോന്നത നേതാവിന്റെ അനുമതിയോടെയാണ് ഈ സുപ്രധാന തീരുമാനമെന്ന് ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരിഫിന്റെ മുതിർന്ന സഹായി അബ്ബാസ് പസുകി വ്യക്തമാക്കി.
വർഷങ്ങളായി നിലനിന്നിരുന്ന നിരോധനം നീക്കിയതിനെ ഭരണകൂടത്തിന്റെ ധീരമായ തീരുമാനമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഔദ്യോഗിക വാർത്തകൾക്കായി ഇറാന്റെ യുവതലമുറ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ അന്താരാഷ്ട്ര സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ ആശ്രയിച്ചപ്പോൾ, സർക്കാർ ഏജൻസികൾ ആഭ്യന്തര ആപ്ലിക്കേഷനുകളിൽ മാത്രം ഒതുങ്ങിനിൽക്കുകയായിരുന്നുവെന്ന് അബ്ബാസ് പസുകി ചൂണ്ടിക്കാട്ടി.
ഈ വിടവ് വിദേശ മാധ്യമങ്ങളുടെ വ്യാജപ്രചാരണങ്ങൾക്കും അഭ്യൂഹങ്ങൾക്കും മറുപടി നൽകാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചു. എല്ലാ മുതിർന്ന ഉദ്യോഗസ്ഥരുടെയും പൂർണ്ണ സമ്മതത്തോടെയാണ് ഈ തിരുത്തൽ നടപടി സ്വീകരിച്ചത്. സർക്കാർ ഏജൻസികൾക്ക് അനുമതി ലഭിച്ചെങ്കിലും, രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്കുള്ള ഇന്റർനെറ്റ് നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരുകയാണ്.















