യുഎസ് സാമ്പത്തിക ഉപരോധങ്ങൾക്ക് വഴങ്ങില്ല, നയങ്ങളിൽ മാറ്റമില്ലെന്ന് ഇറാന്‍റെ പ്രഖ്യാപനം; അമേരിക്കയ്ക്ക് അധികാരമില്ലെന്ന് വിമർശനം

ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങളിലൂടെയോ സമ്മർദ തന്ത്രങ്ങളിലൂടെയോ ഇറാന്റെ ഭരണകൂട തീരുമാനങ്ങളിൽ മാറ്റം വരുത്താമെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് ഇറാൻ സാമ്പത്തികകാര്യ മന്ത്രി അലി മദനി-സാദെ. രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനുള്ള പൂർണ ഉത്തരവാദിത്തം ഇറാൻ സർക്കാരിനാണെന്നും യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റിനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വർഷങ്ങളായി പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങളെ അതിജീവിച്ച് ദശലക്ഷക്കണക്കിന് ഇറാനിയൻ തൊഴിലാളികൾ സാമ്പത്തികമായി മുന്നോട്ടുപോകാനുള്ള പുതിയ വഴികൾ കണ്ടെത്തിയിട്ടുണ്ടെന്നും മദനി-സാദെ ചൂണ്ടിക്കാട്ടി. ഉപരോധങ്ങൾക്കിടയിലും രാജ്യത്തെ കയറ്റുമതിയും ഇറക്കുമതിയും ഉൽപ്പാദന മേഖലകളും സാധാരണ നിലയിൽ മുന്നോട്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇറാൻ ജനങ്ങളുടെ ജീവിതസൗകര്യവും ക്ഷേമവും മുൻനിർത്തിയാണ് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ മുന്നോട്ടുപോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇറാന്റെ ആഭ്യന്തര സാമ്പത്തിക നയങ്ങളിൽ അനാവശ്യമായി ഇടപെടാനോ സ്വന്തം നയങ്ങൾ അടിച്ചേൽപ്പിക്കാനോ അമേരിക്കയ്ക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശ സമ്മർദങ്ങൾക്ക് മുന്നിൽ ഇറാൻ തലകുനിക്കില്ലെന്നും മദനി-സാദെ കൂട്ടിച്ചേർത്തു.

അതേസമയം, ആകാശയുദ്ധത്തിൽനിന്ന് പരസ്പരം കപ്പലുകൾ ആക്രമിക്കുന്നതിലേക്കും അമേരിക്ക-ഇറാൻ സംഘർഷം കടന്നിരിക്കുകയാണ്. 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാന്റെ മൂന്ന് കപ്പലുകൾ അമേരിക്ക ആക്രമിച്ചപ്പോൾ തിരിച്ചടിയായി ആറ് കപ്പലുകൾ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. യുദ്ധത്തിനിടെ ഇതാദ്യമായാണ് ഇരുപക്ഷവും ഒരേസമയം ഇത്രയും കനത്ത ആക്രമണം കപ്പലുകൾക്ക് നേരെ നടത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. അമേരിക്ക ആക്രമിച്ച് തകർത്ത ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകളിൽ ഒന്ന് പൂർണമായും മുങ്ങി. രണ്ട് അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെയും ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. അമേരിക്കയുമായി ബന്ധമുള്ള കപ്പലുകൾ ഉൾപ്പെടെ ആറ് കപ്പലുകൾ ആക്രമിച്ചതായും ഇറാൻ വ്യക്തമാക്കി.

More Stories from this section

family-dental
witywide