
തെക്കൻ ഡൽഹിയിലെ സത്യനികേതനിൽ അഞ്ച് നില ഹോസ്റ്റൽ കെട്ടിടം തകർന്നു വീണുണ്ടായ ദാരുണ അപകടത്തിൽ ഒരാൾ മരിച്ചു. തകർന്നുവീണ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തിയ ആറ് പേരിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ദില്ലി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപം ആൺകുട്ടികളുടെ പി.ജി ഹോസ്റ്റലായി പ്രവർത്തിച്ചിരുന്ന ‘ഡെയ്സ് ഹോസ്റ്റൽ’ ആണ് പെട്ടെന്ന് നിലംപൊത്തിയത്. വലിയ ശബ്ദത്തോടെ കെട്ടിടം തകർന്നു വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ദുരന്തസമയത്ത് മുപ്പതിലധികം വിദ്യാർത്ഥികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു.
സംഭവം അറിഞ്ഞയുടൻ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, പോലീസ് ഉൾപ്പെടെയുള്ള ഏജൻസികൾ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തൻ്റെ ഗോവ സന്ദർശനം റദ്ദാക്കി ദില്ലിയിൽ തുടരുകയും ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച് കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. ഡൽഹി ലെഫ്റ്റനന്റ് ഗവർണറും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.
കെട്ടിടത്തിന്റെ കടുത്ത കാലപ്പഴക്കവും പ്രദേശത്ത് തുടരുന്ന ശക്തമായ മഴയുമാണ് അപകടത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. കൂടാതെ, കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിയമവിരുദ്ധമായി നിർമ്മാണ പ്രവൃത്തികൾ നടന്നിരുന്നതായും ആരോപണമുണ്ട്. ദുരന്തത്തിന് പിന്നാലെ അപകടഭീഷണിയിലായ സമീപത്തെ മറ്റ് കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. ഒളിവിലുള്ള കെട്ടിട ഉടമയ്‌ക്കെതിരെ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, ഡൽഹിയിൽ തുടർച്ചയായി ഉണ്ടാകുന്ന കെട്ടിട അപകടങ്ങളിൽ സർക്കാരിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനവുമായി രംഗത്തെത്തി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സി.ജെ.പി നേതാവ് അഭിജിത് ദീപ്കെയും സർക്കാരിൻ്റെ ഗുരുതരമായ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് കുറ്റപ്പെടുത്തി. നിയമവിരുദ്ധ നിർമ്മാണങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും കോൺഗ്രസും വിമർശിച്ചു.
Delhi Building Collapse: One Dead as Multi-Storey Hostel Collapses in Satya Niketan; CM Visits Site, Amit Shah Cancels















