
കൊച്ചി: മുൻ മുഖ്യമന്ത്രി കെ. കരുണാകരനും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ബന്ധം തകരാൻ കാരണം മകൾ പത്മജ വേണുഗോപാലിൻ്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച തർക്കങ്ങളാണെന്ന് മുതിർന്ന നേതാവ് കെ.വി. തോമസ്. തൻ്റെ ആത്മകഥയായ ‘കുമ്പളങ്ങി മുതൽ ചെങ്കോട്ട വരെ’ എന്ന പുസ്തകത്തിലാണ് കെ.വി. തോമസ് നിർണ്ണായകമായ ഈ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.
2001-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാലിനെ സ്ഥാനാർത്ഥിയാക്കണമെന്ന കരുണാകരൻ്റെ ആഗ്രഹമാണ് സോണിയ ഗാന്ധിയുമായുള്ള അകല്‍ച്ചയ്ക്ക് പ്രധാന കാരണം. കരുണാകരന് വേണ്ടി കെ വി തോമസാണ് ഈ ആവശ്യം സോണിയയുടെ മുന്നിലെത്തിച്ചത്. എന്നാല്‍, ‘എന്തിനാണ് പത്മജയെ പിൻവാതിലിലൂടെ രാഷ്ട്രീയത്തില്‍ എത്തിക്കാൻ ശ്രമിക്കുന്നത്’ എന്നായിരുന്നു സോണിയ ഗാന്ധിയുടെ മറുചോദ്യം. ഈ സംഭവത്തോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായി തുടങ്ങിയത്.
കെ. മുരളീധരനെ കെ.പി.സി.സി അധ്യക്ഷനാക്കുന്നതിനോടും സോണിയയ്ക്ക് താൽപ്പര്യമില്ലായിരുന്നു. എന്നാൽ യു.ഡി.എഫ് സർക്കാരിൻ്റെ സുഗമമായ നിലനിൽപ്പിനായി അവർ ആ തീരുമാനത്തിന് വഴങ്ങുകയായിരുന്നു. ഹൈക്കമാൻഡ് തീരുമാനത്തിന് വിരുദ്ധമായി കോടോത്ത് ഗോവിന്ദൻ നായരെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കിയത് ഇരുവരും തമ്മിലുള്ള അകൽച്ച വർദ്ധിപ്പിച്ചു. ഈ വിള്ളൽ പിന്നീട് ഒരിക്കലും പരിഹരിക്കപ്പെട്ടില്ല.
എ കെ ആൻ്റണി മുഖ്യമന്ത്രിയായിരിക്കെ, മന്ത്രിസഭാ യോഗത്തിന് മുൻപ് കോണ്‍ഗ്രസ് മന്ത്രിമാർ ഫയലുകളുമായി കരുണാകരൻ്റെ വീട്ടില്‍ എത്തുന്ന പതിവുണ്ടായിരുന്നു. ഇത് രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്ന് കരുതി താൻ ഇതിനെ ശക്തമായി എതിർത്തിരുന്നതായും വേണമെങ്കില്‍ രാജി വെക്കാമെന്ന് കരുണാകരനെ അറിയിച്ചിരുന്നതായും കെ വി തോമസ് പുസ്തകത്തില്‍ പറയുന്നു. കെ. കരുണാകരൻ കോൺഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ചതിലേക്ക് നയിച്ച രാഷ്ട്രീയ സാഹചര്യങ്ങളെ പുതിയ വെളിച്ചത്തിൽ അവതരിപ്പിക്കുകയാണ് ഈ ആത്മകഥ.
കെവി തോമസിൻ്റെ പുസ്‌തകത്തിലുള്ളത് പച്ചക്കള്ളം- പത്മജ
അതേസമയം, കെവി തോമസിൻ്റെ പുസ്‌തകത്തിൽ കരുണാകരനെ കുറിച്ചുള്ള പരാമർശത്തിൽ പ്രതികരണവുമായി പത്മജാ വേണുഗോപാൽ രംഗത്തെത്തി. തോമസിൻ്റെ പുസ്‌തകത്തിൽ പറയുന്നത് മുഴുവൻ തെറ്റാണ്. കാര്യം കാണാൻ ഇത്രയും നുണ പറയുന്ന ഒരു മനുഷ്യൻ വേറെയില്ല. ഇപ്പോൾ കെവി തോമസ് ഒന്നുമല്ലാതെയായി. മരിച്ചുപോയ മനുഷ്യനോട് നന്ദി വേണ്ട കുറ്റപ്പെടുത്തുന്ന കണ്ടപ്പോൾ വിഷമം തോന്നി. കെ കരുണാകരനും സോണിയ ഗാന്ധിയും തെറ്റാൻ ഞാനാണ് കാരണമെന്ന് പറയുന്നത് തെറ്റാണ്. ഞാനത് പറയണമെങ്കിൽ കൂടുതൽ പറയേണ്ടിവരും. സീനിയർ നേതാക്കളെ വേദനിപ്പിക്കേണ്ടി വരും. എങ്ങനെ കെ.വി തോമസ് തോമസ് ആയി എന്നോർത്താൽ നന്ന്. കെ.വി. തോമസ് വല്ലതും പറഞ്ഞാൽ പഴയ ചരിത്രം ഞാൻ വിളിച്ചു പറയും. പുസ്തകം വിറ്റുപോകാൻ വേണ്ടിയാണ് ഇതൊക്കെ പറയുന്നത്. കെ.വി തോമസ് അടുത്തത് ആരുടെ അടുത്തേക്കാണ് പോകുന്നത് എന്ന് എനിക്കറിയില്ല. അവരെ സന്തോഷിപ്പിക്കാൻ ആണോ ബുക്ക് വിൽക്കാൻ ആണോ ഇതൊക്കെ പറഞ്ഞത് എന്നറിയില്ല എന്നും പത്മജ പറയുന്നു.
Padmaja is the reason behind the rift between K Karunakaran and Sonia Gandhi; Starting the controversy ‘from Kumbalangi to Shengotta’ Book.















