
ഹൈദരാബാദ്: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡു നിർമാണത്തിന് മായം ചേർത്ത നെയ്യ് വിതരണം ചെയ്ത സംഭവത്തിൽ പ്രമുഖ വ്യവസായിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. സുകൃതി ഫുഡ്സ് കമ്പനി പ്രൊമോട്ടറായ കൈലാഷ് ചന്ദ് മംഗ്ലയെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എം.എൽ.എ) ഇ.ഡി അറസ്റ്റ് ചെയ്തത്. ഹൈദരാബാദിൽ വെച്ചായിരുന്നു അറസ്റ്റ്.
‘അഗ്മാർക്ക് സ്പെഷ്യൽ ഗ്രേഡ് പശുവിൻ നെയ്യ്’ എന്ന വ്യാജേന തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടി.ടി.ഡി) പാം ഓയിലും മാരക രാസവസ്തുക്കളും കലർത്തിയ നെയ്യ് വിതരണം ചെയ്തെന്നാണ് കേസ്. നെയ്യിൽ കെമിക്കലുകൾ (MG 90), അസറ്റിക് ആസിഡ് എന്നിവ ചേർത്തതായി ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
2019-2024 കാലയളവിൽ 230 കോടി രൂപയുടെ വ്യാജ നെയ്യ് വിതരണമാണ് ക്ഷേത്രത്തിലേക്ക് നടന്നത്. ഇതിൽ 96 കോടി രൂപയുടെ മായം കലർന്ന നെയ്യ് നിർമിച്ചത് കൈലാഷ് ചന്ദിന്റെ ഫാക്ടറിയിലാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. വ്യാജ നെയ്യ് നിർമാണത്തിനായി വൻതോതിൽ പാം ഓയിൽ വാങ്ങിയതിന്റെ വിവരങ്ങൾ മറച്ചുവെക്കാൻ കമ്പനിയിൽ വ്യാജ രേഖകൾ ചമച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഹൈദരാബാദിൽ അറസ്റ്റിലായ പ്രതിയെ വിശാഖപട്ടണത്തെ പ്രത്യേക പി.എം.എൽ.എ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഈ കേസിൽ മുൻപ് ഭോലെ ബാബ ഓർഗാനിക് ഡയറി മിൽക്ക് പ്രൊമോട്ടറായ വിപിൻ ജെയിനെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കൂടുതൽ വ്യക്തികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഇ.ഡിയുടെ നീക്കം.
Palm oil and chemicals found in Prasadam; ED arrests prominent businessman Kailash Chand Mangla in the Tirupati ghee controversy.















