നിയന്ത്രണം ലംഘിച്ച് ഗൂഗിൾ ‘ജെമിനി’; മൂന്ന് കമ്പനികളുടെ സിസ്റ്റം എഐ സ്വയം ഹാക്ക് ചെയ്തു!

ന്യൂയോർക്ക്: ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡലായ ‘ജെമിനി’, അതിന്റെ സൈബർ സുരക്ഷാ ശേഷികൾ പരിശോധിക്കുന്നതിനിടയിൽ സ്വന്തം നിലയിൽ ഇന്റർനെറ്റ് ഉപയോഗിച്ച് മറ്റ് മൂന്ന് കമ്പനികളുടെ കമ്പ്യൂട്ടർ സിസ്റ്റങ്ങൾ ഹാക്ക് ചെയ്തതായി റിപ്പോർട്ട്. ഗൂഗിളിന്റെ ഒരു എഐ സിസ്റ്റം അതിന്റെ സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തുകടന്ന്, സ്വയംഭരണാധികാരത്തോടെ ഇത്തരമൊരു സൈബർ ആക്രമണം നടത്തുന്ന ആദ്യ സംഭവമാണിതെന്ന് ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ മേയ് മാസത്തിൽ ‘ഇറെഗുലർ’ എന്ന സ്വതന്ത്ര സൈബർ സുരക്ഷാ മൂല്യനിർണ്ണയ കമ്പനി നടത്തിയ പരീക്ഷണങ്ങൾക്കിടയിലാണ് ഈ അസാധാരണ സംഭവം അരങ്ങേറിയത്. മറ്റ് പ്രമുഖ എഐ ലാബുകളെയും ബാധിച്ച സമാനമായ സാങ്കേതിക പ്രശ്നമാണ് ഇതിന് കാരണമായതെന്നും, ജൂലൈ അവസാനത്തോടെ എല്ലാ ലാബുകളെയും വിവരമറിയിച്ചിട്ടുണ്ടെന്നും ഇറെഗുലർ വക്താവ് വ്യക്തമാക്കി. തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചകൾ ആഴ്ചകൾക്ക് മുമ്പ് തന്നെ പരിഹരിച്ചതായും കമ്പനി അറിയിച്ചു. അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഗൂഗിൾ തയ്യാറായിട്ടില്ല.

ഗൂഗിളിന് പുറമെ മെറ്റാ, ആന്ത്രോപിക്, ഓപ്പൺഎഐ എന്നീ പ്രമുഖ കമ്പനികളുടെ എഐ സംവിധാനങ്ങൾ പരിശോധിച്ചപ്പോഴും സമാനമായ സംഭവങ്ങൾ ഉണ്ടായതായി ഇറെഗുലർ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇത് സങ്കീർണ്ണമായ ഒരു സൈബർ ആക്രമണമല്ലെന്നാണ് ഓഗസ്റ്റിൽ മെറ്റാ പ്രതികരിച്ചത്.

ഒരു കമ്പനിയുടെ സുരക്ഷിത സിസ്റ്റത്തിലേക്ക് പാസ്‌വേഡുകൾ തുടർച്ചയായി ഊഹിച്ചെടുത്താണ് ജെമിനി പ്രവേശനം നേടിയത്. മറ്റ് രണ്ട് കമ്പനികളുടെ കേസിൽ, ഇന്റർനെറ്റിലെ പൊതുവായ ഒരു ഡാറ്റാ ശേഖരത്തിൽ അശ്രദ്ധമായി കിടന്നിരുന്ന ലോഗിൻ വിവരങ്ങൾ കണ്ടെത്തിയാണ് എഐ മോഡൽ സിസ്റ്റത്തിനകത്ത് കടന്നുകൂടിയത്.

എഐ ഏജന്റുകൾക്ക് കൂടുതൽ സ്വയംഭരണാധികാരവും ഇന്റർനെറ്റിലേക്കും കമ്പ്യൂട്ടർ ശൃംഖലകളിലേക്കും നേരിട്ടുള്ള പ്രവേശനവും നൽകുമ്പോൾ ഉണ്ടാകേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നതാണ് ഈ സംഭവം.

Google’s ‘Gemini’ breaches controls; AI autonomously hacks systems of three companies!

More Stories from this section

family-dental
witywide