‘അന്ന് കേട്ടിരുന്നെങ്കിൽ ഈ തട്ടിപ്പ് തടയാമായിരുന്നു’; വൻകിട ഐടി കമ്പനികളുടെ വിസ ദുരുപയോഗം 20 വർഷം മുൻപേ ചൂണ്ടിക്കാണിച്ചിരുന്നു; മുതിർന്ന ഉദ്യോഗസ്ഥർ അവഗണിച്ചെന്ന് മുൻ യുഎസ് നയതന്ത്രജ്ഞ

ന്യൂഡൽഹി: ഐടി ഭീമനായ കോഗ്നിസെന്റ് ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ യുഎസ് വിസാ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യുന്ന വിവരം രണ്ട് പതിറ്റാണ്ട് മുൻപ് തന്നെ അധികൃതരെ അറിയിച്ചിരുന്നതായി ഇന്ത്യൻ വംശജയായ മുൻ യുഎസ് നയതന്ത്രജ്ഞ മഹ്‌വാഷ് സിദ്ദിഖി. വ്യാജ വിസ ചമച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടർന്ന് കോഗ്നിസെന്റ് കമ്പനിക്ക് പുതിയ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) അപേക്ഷകൾ നൽകുന്നതിൽ നിന്ന് യുഎസ് തൊഴിൽ വകുപ്പ് അടുത്തിടെ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അക്കാലത്ത് ചെന്നൈ കോൺസുലേറ്റിൽ വിസ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മഹ്‌വാഷ് സിദ്ദിഖിയുടെ വെളിപ്പെടുത്തൽ.

‘സെന്റർ ഫോർ ഇമിഗ്രേഷൻ സ്റ്റഡീസിൽ’ എഴുതിയ ലേഖനത്തിലാണ് സിദ്ദിഖി അക്കാലത്തെ അനുഭവങ്ങൾ വ്യക്തമാക്കിയത്. വിസ കൗണ്ടറിലിരുന്ന ജൂനിയർ ഓഫീസർമാർ വൻകിട കമ്പനികളുടെ ക്രമക്കേടുകൾ കൃത്യമായി കണ്ടെത്തി റിപ്പോർട്ട് നൽകിയിട്ടും മുതിർന്ന ഉദ്യോഗസ്ഥർ അത് പാടെ അവഗണിക്കുകയായിരുന്നു എന്ന് അവർ ആരോപിക്കുന്നു.

ഇരുപത് വർഷം മുൻപ് കടുത്ത ജോലിഭാരമാണ് കോൺസുലേറ്റിൽ ഉണ്ടായിരുന്നത്. ടിസിഎസ്, വിപ്രോ, സത്യം, ഇൻഫോസിസ്, ആക്സെഞ്ചർ, കോഗ്നിസെന്റ് തുടങ്ങിയ വിദേശ ഐടി കമ്പനികൾക്ക് പുറമെ ജനറൽ ഇലക്ട്രിക്, മൈക്രോസോഫ്റ്റ്, ഹണിവെൽ തുടങ്ങിയ യുഎസ് കമ്പനികൾക്കും വിസ വേഗത്തിൽ അനുവദിക്കാൻ ‘ബിസിനസ് എക്സ്പ്രസ് പ്രോഗ്രാം’ നിലവിലുണ്ടായിരുന്നു. കുറഞ്ഞ രേഖാപരിശോധനയോടെ ഇത്തരം കമ്പനികളിലെ ജീവനക്കാർക്ക് വളരെ എളുപ്പത്തിലാണ് വിസകൾ അനുവദിച്ചിരുന്നതെന്ന് സിദ്ദിഖി വ്യക്തമാക്കുന്നു.

തന്റെ കമ്പ്യൂട്ടർ സയൻസ് പശ്ചാത്തലം ഉപയോഗിച്ച് ഉദ്യോഗാർത്ഥികളോട് അടിസ്ഥാന ചോദ്യങ്ങൾ ചോദിച്ചപ്പോൾ പല വൻകിട കമ്പനികളുടെയും തട്ടിപ്പുകൾ വെളിപ്പെട്ടതായി സിദ്ദിഖി പറയുന്നു. പ്രധാനമായും മൂന്ന് രീതിയിലുള്ള തട്ടിപ്പുകളാണ് അന്ന് കണ്ടെത്തിയത്. കമ്പ്യൂട്ടർ സയൻസിൽ യോഗ്യതയില്ലാത്തവർ ചില ഹ്രസ്വകാല മൈക്രോസോഫ്റ്റ് സർട്ടിഫൈഡ് കോഴ്സുകളുടെയോ ഗ്രാഫിക് ഡിസൈൻ ക്ലാസുകളുടെയോ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് വിസയ്ക്ക് ശ്രമിച്ചു എന്നതാണ് ഒന്നമത്തേത്. ടൂറിസ്റ്റ്, ബിസിനസ് വിസകളിൽ യുഎസിൽ എത്തിയ ശേഷം ഇവരെ നേരിട്ട് കമ്പനികളുടെ തൊഴിലിടങ്ങളിൽ നിയമിക്കുകയും പിന്നീട് എച്ച്-1ബി വിസയിലേക്ക് മാറ്റുകയും ചെയ്തു എന്നതായിരുന്നു രണ്ടാമത്തേത്. ഇടനിലക്കാരും കോർപ്പറേറ്റ് എച്ച്ആർ വിഭാഗങ്ങളും ചേർന്ന് യോഗ്യതയില്ലാത്ത ഉദ്യോഗാർത്ഥികളിൽ നിന്ന് നിയമവിരുദ്ധമായി പണം ഈടാക്കി ഈ പദ്ധതി വഴി വിസ ലഭ്യമാക്കി, ഇതായിരുന്നു മറ്റൊരു തട്ടിപ്പ്.

ചെന്നൈ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ കൃത്യമായ പരിശോധനയ്ക്ക് ശ്രമിച്ചെങ്കിലും, കൂടുതൽ വിസകൾ അനുവദിക്കാൻ ഡൽഹിയിലെ കോൺസുലാർ ചീഫിന്റെ ഭാഗത്ത് നിന്ന് കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള വാണിജ്യ ബന്ധങ്ങൾക്കും ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനും മാത്രമാണ് മുതിർന്ന ഉദ്യോഗസ്ഥർ പ്രാധാന്യം നൽകിയത്. ജൂനിയർ ഓഫീസർമാർ നൽകിയ തട്ടിപ്പ് റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ മാനേജ്‌മെന്റ്, കോർപ്പറേറ്റ് കമ്പനികളെ എപ്പോഴും പുകഴ്ത്താനാണ് ശ്രമിച്ചത്.

അന്ന് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ ഗൗരവമായി എടുക്കുകയും കോർപ്പറേറ്റ് ഫാസ്റ്റ് ട്രാക്ക് ലൂപ്പുകൾ നിർത്തലാക്കുകയും ചെയ്തിരുന്നെങ്കിൽ, പതിറ്റാണ്ടുകളായി നടന്നുവരുന്ന വ്യവസ്ഥാപിത വിസ ദുരുപയോഗവും, ശമ്പളം വെട്ടിക്കുറയ്ക്കലും, ഇമിഗ്രേഷൻ തട്ടിപ്പും തടയാൻ കഴിയുമായിരുന്നുവെന്ന് മഹ്‌വാഷ് സിദ്ദിഖി ലേഖനത്തിൽ കൂട്ടിച്ചേർത്തു.

visa misuse by major IT companies was flagged 20 years ago; senior officials ignored it, says former US diplomat.

More Stories from this section

family-dental
witywide