മാധ്യമരംഗത്ത് വൻ അട്ടിമറി: വാർണർ ബ്രദേഴ്സിനെ പാരാമൗണ്ട് സ്വന്തമാക്കുന്നു; 111 ബില്യൺ ഡോളറിൻ്റെ ലയനത്തിന് യുഎസ് നീതിന്യായ വകുപ്പിൻ്റെ അനുമതി

വാഷിംഗ്ടൺ: ഹോളിവുഡിൻ്റെയും ആഗോള മാധ്യമരംഗത്തിൻ്റെയും ഭാവിയെ മാറ്റിമറിക്കാൻ പോകുന്ന വൻ ലയന കരാറിന് യുഎസ് നീതിന്യായ വകുപ്പിൻ്റെ (DOJ) പച്ചക്കൊടി. പ്രമുഖ വിനോദ ശൃംഖലയായ പാരാമൗണ്ട് സ്കൈഡാൻസ്, വിഖ്യാത ഹോളിവുഡ് സ്റ്റുഡിയോയായ വാർണർ ബ്രദേഴ്സ് ഡിസ്കവറിയെ ഏറ്റെടുക്കുന്നതിനുള്ള 111 ബില്യൺ ഡോളറിൻ്റെ (ഏകദേശം 828 മില്യൺ പൗണ്ട്) കരാറിനാണ് സർക്കാർ അംഗീകാരം നൽകിയത്. ഇതോടെ വിപണിയിലെ കടുത്ത മത്സരങ്ങൾക്കൊടുവിൽ സിഎൻഎൻ, എച്ച്ബിഒ തുടങ്ങിയ പ്രമുഖ ചാനലുകളുടെ നിയന്ത്രണം പാരാമൗണ്ടിലേക്ക് വഴിമാറുകയാണ്.

വാർണർ ബ്രദേഴ്സിനെ സ്വന്തമാക്കാനായി ഒട്ടനവധി നാടകീയ രംഗങ്ങളാണ് ഹോളിവുഡിൽ അരങ്ങേറിയത്. കഴിഞ്ഞ വർഷം കമ്പനി വിൽപ്പനയ്ക്ക് വെച്ചപ്പോൾ ഒടിടി ഭീമന്മാരായ നെറ്റ്ഫ്ലിക്സുമായി 82 ബില്യൺ ഡോളറിൻ്റെ പ്രാഥമിക കരാറിലെത്തിയിരുന്നു. എന്നാൽ ശക്തമായ ഒരു എതിർ വാഗ്ദാനവുമായി പാരാമൗണ്ട് രംഗത്തെത്തുകയും, നെറ്റ്ഫ്ലിക്സിന് താങ്ങാൻ കഴിയാത്ത വിധം തുക 111 ബില്യൺ ഡോളറായി ഉയർത്തി കരാർ ഉറപ്പിക്കുകയുമായിരുന്നു.

ലയനത്തിന് അനുമതി ലഭിച്ചെങ്കിലും രാഷ്ട്രീയ വിവാദങ്ങൾ ഒഴിഞ്ഞുപോകുന്നില്ല. പാരാമൗണ്ടിൻ്റെ തലവനായ ഡേവിഡ് എലിസൺ, യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പ്രധാന സാമ്പത്തിക സഹായിയായ ലാരി എലിസണിൻ്റെ മകനാണ്. പാരാമൗണ്ടിൻ്റെ കീഴിലുള്ള ‘സിബിഎസ് ന്യൂസ്’ അടുത്തിടെ തങ്ങളുടെ മുതിർന്ന മാധ്യമപ്രവർത്തകരെ പുറത്താക്കിയതും ട്രംപ് അനുകൂല നിലപാടുകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങൾ നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം.

വൻകിട കമ്പനികൾ ഒന്നിക്കുന്നത് വിപണിയിലെ ആരോഗ്യകരമായ മത്സരത്തെ തകർക്കുമെന്നും ഉപഭോക്താക്കൾക്ക് ചിലവ് കൂട്ടുമെന്നും കാണിച്ച് കഴിഞ്ഞ ഏപ്രിലിൽ 1,400-ലധികം ഹോളിവുഡ് താരങ്ങളും സംവിധായകരും സിനിമാപ്രവർത്തകരും ഒപ്പിട്ട സംയുക്ത കത്ത് പുറത്തുവിട്ടിരുന്നു. എന്നാൽ, വിപുലമായ അന്വേഷണങ്ങൾക്ക് ശേഷമാണ് അനുമതി നൽകിയതെന്നും, ഈ ലയനം വിപണിയിൽ മത്സരം വർദ്ധിപ്പിക്കുകയും പ്രേക്ഷകർക്കും മാധ്യമ തൊഴിലാളികൾക്കും ഗുണം ചെയ്യുമെന്നുമാണ് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കുന്നത്.

കേന്ദ്ര അനുമതി ലഭിച്ചെങ്കിലും ലയനം പൂർണ്ണമായും ഉറപ്പായിട്ടില്ല. കാലിഫോർണിയ ഉൾപ്പെടെയുള്ള ചില പ്രമുഖ യുഎസ് സംസ്ഥാനങ്ങൾ ഈ കരാറിനെതിരെ ഇപ്പോഴും അന്വേഷണം നടത്തുന്നുണ്ട്. വിനോദ മേഖലയിലെ കുത്തകവൽക്കരണവും തൊഴിൽ നഷ്ടവും ചൂണ്ടിക്കാട്ടി കാലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോണ്ട ഈ മാസമാദ്യം ലയനത്തിനെതിരെ രംഗത്തുവന്നിരുന്നു. ലയനം തടയാൻ സംസ്ഥാന സർക്കാരുകൾ കോടതിയെ സമീപിക്കാനുള്ള സാധ്യത നിലനിൽക്കുകയാണ്.

ഈ ഏറ്റെടുക്കലോടെ ഹോളിവുഡിലെ ഏറ്റവും സ്വാധീനമുള്ള വൻശക്തിയായി പാരാമൗണ്ട് മാറും. പാരാമൗണ്ട് പിക്ചേഴ്സ്, സിബിഎസ്, ഷോടൈം, നിക്കലോഡിയൻ എന്നിവയ്ക്ക് പുറമെ, ‘കാസബ്ലാങ്ക’, ‘ദി എക്സോർസിസ്റ്റ്’ തുടങ്ങിയ ക്ലാസിക്കുകൾ സമ്മാനിച്ച വാർണർ ബ്രദേഴ്സ് സ്റ്റുഡിയോ, സിഎൻഎൻ, എച്ച്ബിഒ, ടിബിഎസ്, ടിഎൻടി, ഡിസി സ്റ്റുഡിയോസ്, ന്യൂ ലൈൻ സിനിമ എന്നിവയും ഇനി പാരാമൗണ്ടിൻ്റെ സാമ്രാജ്യത്തിന് കീഴിലാകും.

Paramount acquires Warner Bros.; US Justice Department approves $111 billion merger

More Stories from this section

family-dental
witywide