110 ശതകോടി ഡോളറിന്റെ ലയനം പ്രതിസന്ധിയിൽ; പാരമൗണ്ടിനും വാർണർ ബ്രദേഴ്സിനും യു.എസ് കോടതിയുടെ താൽക്കാലിക വിലക്ക്

വാഷിംഗ്ടൺ: വിനോദലോകത്തെ വമ്പന്മാരായ പാരമൗണ്ട് സ്കൈഡാൻസും വാർണർ ബ്രദേഴ്സ് ഡിസ്കവറിയും തമ്മിൽ പ്രഖ്യാപിച്ച 110 ശതകോടി ഡോളറിന്റെ (ഏകദേശം 85 ശതകോടി പൗണ്ട്) കൂറ്റൻ ലയന കരാറിന് യു.എസ് ഫെഡറൽ കോടതിയുടെ താൽക്കാലിക തടസ്സം. വിപണിയിലെ ആരോഗ്യകരമായ മത്സരത്തെ ഇല്ലാതാക്കാനും ഉപഭോക്തൃ നിരക്കുകൾ കുത്തനെ കൂട്ടാനും ഈ നീക്കം കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി കാലിഫോർണിയ, ന്യൂയോർക്ക് ഉൾപ്പെടെ 12 യു.എസ് സംസ്ഥാനങ്ങൾ സമർപ്പിച്ച ഹർജിയിലാണ് നടപടി.

യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജ് അരാസെലി മാർട്ടിനെസ്-ഓൾഗിൻ പുറപ്പെടുവിച്ച 14 ദിവസത്തെ താൽക്കാലിക വിലക്ക് നിലനിൽക്കുന്നതിനാൽ ഇരു കമ്പനികൾക്കും കരാർ അന്തിമമാക്കാനോ ലയന നടപടികളുമായി മുന്നോട്ട് പോകാനോ കഴിയില്ല.

“രണ്ട് വമ്പൻ സ്റ്റുഡിയോകൾ ഒന്നിക്കുന്നത് സിനിമാ തിയേറ്ററുകൾക്കും ಕೇബിൽ വിതരണക്കാർക്കും ഒടുവിൽ സാധാരണക്കാരായ പ്രേക്ഷകർക്കും വലിയ പ്രയാസം സൃഷ്ടിക്കും.” എന്ന് സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി.

സ്ട്രീമിംഗ് രംഗത്ത് കൂടുതൽ കാര്യക്ഷമത കൊണ്ടുവരാൻ ലയനം സഹായിക്കുമെന്നും, ഹർജിക്കാർ വിപണിയെ തെറ്റായാണ് മനസ്സിലാക്കിയിരിക്കുന്നതെന്നും കമ്പനികൾ കോടതിയിൽ വാദിച്ചു. എന്നാൽ, ഈ വാദങ്ങളെ തള്ളിയ ജഡ്ജി, പിന്നീട് കരാർ റദ്ദാക്കേണ്ടി വന്നാൽ ലയനം പൂർത്തിയാക്കിയ കാര്യങ്ങളെ പൂർവ്വസ്ഥിതിയിലാക്കുക പ്രയാസമായിരിക്കുമെന്നും, കുത്തകവിരുദ്ധ നിയമങ്ങൾ നടപ്പിലാക്കുന്നതിനായുള്ള പൊതുജനതാൽപ്പര്യത്തിനാണ് പ്രഥമ പരിഗണനയെന്നും വ്യക്തമാക്കി.

ലയനം നടന്നാൽ ഹോളിവുഡിലെ നൂറിലേറെ വർഷത്തെ കടുത്ത പോരാട്ടത്തിനാണ് വിരാമമാകുക. ഹാരി പോട്ടർ, ബാറ്റ്മാൻ, മിഷൻ ഇംപോസിബിൾ, ടോപ് ഗൺ തുടങ്ങിയ വമ്പൻ സിനിമകളും സി.എൻ.എൻ , എം.ടി.വി, നിക്കലോഡിയൻ തുടങ്ങിയ പ്രമുഖ ടിവി ചാനലുകളും ഒറ്റ കുടക്കീഴിലാകും. ലോകത്തെ ആകെ വലിയ സിനിമാ റിലീസുകളുടെ 25 ശതമാനത്തിലധികവും ഈ ഒറ്റ കമ്പനിയുടെ നിയന്ത്രണത്തിലാകും.

ഓൺലൈൻ സ്ട്രീമിംഗ് രംഗത്ത് വമ്പൻ മുന്നേറ്റം ലക്ഷ്യമിട്ട ഇരു കമ്പനികൾക്കും കോടതിയുടെ ഈ തീരുമാനം താൽക്കാലികമായി വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. കേസിലെ അടുത്ത വാദം ഓഗസ്റ്റ് മാസത്തിൽ നടക്കും.

US court grants temporary injunction against Paramount and Warner Bros. in $110 billion merger

More Stories from this section

family-dental
witywide