
വാഷിംഗ്ടൺ: കഴിഞ്ഞ വാരാന്ത്യത്തിൽ ഇറാനെതിരെ യു.എസ് നടത്താനിരുന്ന സൈനിക നീക്കം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണത്തിനുള്ള തയ്യാറെടുപ്പായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. എന്നാൽ അവസാന നിമിഷം ചർച്ചകൾക്ക് വഴിതുറന്നതിനെത്തുടർന്നാണ് ആക്രമണം വേണ്ടെന്നുവെച്ചതെന്നും ട്രംപ് വ്യക്തമാക്കി. ലാസ് വെഗാസിലെ റെഡ് റോക്ക് കാസിനോ റിസോർട്ടിൽ നടന്ന പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണത്തിനാണ് യു.എസ് സൈന്യം തയ്യാറെടുത്തിരുന്നത്. എന്നാൽ അവസാന നിമിഷം അവർ എന്നെ ബന്ധപ്പെടുകയും ആക്രമണം ഒഴിവാക്കി ചർച്ചകൾക്ക് തയ്യാറാകണം എന്ന് ആവശ്യപ്പെടുകയുമായിരുന്നു,” ട്രംപ് പറഞ്ഞു. നിലവിൽ ഇറാന് മേൽ യു.എസ് ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും, എന്നാൽ മനുഷ്യജീവനുകൾ നഷ്ടപ്പെടുത്താൻ തനിക്ക് താല്പര്യമില്ലാത്തതിനാലാണ് സമാധാനപരമായ ചർച്ചകൾക്ക് മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ വ്യോമാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പ്രമുഖ മാധ്യമമായ സി.ബി.എസ് ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ശനിയാഴ്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അമേരിക്കൻ പ്രസിഡന്റുമായി നടത്തിയ ചർച്ചയിൽ സൈനിക നീക്കത്തിനെതിരെ മുന്നറിയിപ്പ് നൽകിയതായാണ് വിവരം.
ഇതിന് തൊട്ടുപിന്നാലെയാണ് ആക്രമണം റദ്ദാക്കിയതായി ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സാധ്യമായ ഒരു സമാധാന കരാറിൻ്റെ വ്യവസ്ഥകളിൽ ധാരണയായതിനെത്തുടർന്ന് ഇറാനും മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളും ആക്രമണം ഒഴിവാക്കാൻ അഭ്യർത്ഥിച്ചതായി ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. മിഡിൽ ഈസ്റ്റിലെ സമാധാന ചർച്ചകൾ നിർണായക ഘട്ടത്തിലാണെന്നും ബുധൻ, വ്യാഴം ദിവസങ്ങൾക്കുള്ളിൽ കരാർ യാഥാർത്ഥ്യമായേക്കുമെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
Trump says Iran was preparing for its biggest attack since World War II; pulled out at the last minute















