സമാധാന ചർച്ചകൾക്കിടെ ഹോർമുസിൽ വീണ്ടും സ്ഫോടനം; ഒമാൻ തീരത്ത് വാണിജ്യ ടാങ്കറിന് സമീപം ഇരട്ട സ്ഫോടനമെന്ന് ബ്രിട്ടീഷ് നാവികസേന, എണ്ണച്ചോർച്ചയില്ലെന്ന് പ്രാഥമിക വിവരം

മസ്‌കറ്റ്/ലണ്ടൻ: ലോകത്തിലെ ഏറ്റവും തിരക്കേറിയ എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലിന് സമീപം വീണ്ടും സ്ഫോടനം. ഒമാൻ തീരത്തുകൂടി കടന്നുപോകുകയായിരുന്ന ഓയിൽ ടാങ്കറിന് സമീപമാണ് ഇരട്ട സ്ഫോടനങ്ങൾ ഉണ്ടായതെന്ന് ബ്രിട്ടീഷ് റോയൽ നേവിയുടെ കീഴിലുള്ള യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ജലപാതയുടെ സംയുക്ത മാനേജ്‌മെന്റിനായി ഒമാനും ഇറാനും തമ്മിൽ നിർണായക ചർച്ചകൾ നടക്കുന്നതിനിടയിലാണ് പുതിയ സംഭവം.

ഒമാനിലെ കുംസാറിന് ഏകദേശം 10 മൈൽ തെക്കുകിഴക്കായി വ്യാഴാഴ്ച പ്രാദേശിക സമയത്തോടെയായിരുന്നു സംഭവം. തങ്ങൾ സഞ്ചരിക്കവെ കപ്പലിന് സമീപം രണ്ട് ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ടാങ്കറിന്റെ മാസ്റ്റർ റിപ്പോർട്ട് ചെയ്യുകയായിരുന്നു.

ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും യു കെ മാരിടൈം ഏജൻസി വ്യക്തമാക്കി. സ്ഫോടനം മൂലം സമുദ്ര പരിസ്ഥിതിക്ക് നാശനഷ്ടങ്ങളോ എണ്ണച്ചോർച്ചയോ റിപ്പോർട്ട് ചെയ്തിട്ടില്ല. മേഖലയിലൂടെ കടന്നുപോകുന്ന മറ്റ് കപ്പലുകൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഫെബ്രുവരിയിൽ മേഖലയിൽ യുദ്ധം ആരംഭിച്ചതുമുതൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ യഥാർത്ഥ നിയന്ത്രണം ഇറാൻ കൈക്കലാക്കിയിരുന്നു. ഇറാൻ നിർദ്ദേശിച്ച സുരക്ഷാ പാതകൾ പിന്തുടരാത്ത കപ്പലുകൾക്ക് നേരെ മുൻപും സൈന്യം വെടിയുതിർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ഇതേ മേഖലയിൽ കപ്പലുകൾക്ക് നേരെ സമാനമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതിനാൽ അന്താരാഷ്ട്ര കപ്പൽ ചാലുകളിൽ സുരക്ഷാ ആശങ്ക ശക്തമായി തുടരുകയാണ്.

Another explosion in the Strait of Hormuz; British Navy says double explosion near commercial tanker off the coast of Oman, initial information suggests no oil spill

More Stories from this section

family-dental
witywide