‘മാതൃകാപരമായി ജീവിക്കുന്നവരെ പിടികിട്ടാപ്പുള്ളിയെ പോലെ അപമാനിക്കുന്നു’, പിണറായിയുടെ വീട്ടിലെ സമൻസിൽ വിമർശനവുമായി സിപിഎം; ‘രാഷ്ട്രീയമായും നിയമപരമായി നേരിടും’

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെത്തി ഇ.ഡി സമൻസ് ചുമരിൽ പതിപ്പിച്ച നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തി. മാതൃകാപരമായി ജീവിക്കുന്ന നേതാക്കളെ കുറ്റവാളികളാക്കാനും അപമാനിക്കാനുമാണ് കേന്ദ്ര ഏജൻസി ശ്രമിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. പിണറായി വിജയനോട് ഇ.ഡി പെരുമാറുന്നത് ഒരു പിടികിട്ടാപ്പുള്ളിയോടെന്ന പോലെയാണെന്നും, ബി.ജെ.പിയുടെ താളത്തിനൊത്ത് തുള്ളുന്ന ഇ.ഡിയുടെ ഈ നീക്കം കേവലം രാഷ്ട്രീയ നാടകമാണെന്നും സി.പി.എം നേതൃത്വം കുറ്റപ്പെടുത്തി.

ഇ.ഡി എന്നാൽ ‘എക്സ്റ്റൻഡഡ് ഡിപ്പാർട്ട്മെന്റ് ഓഫ് ബി.ജെ.പി ഗവൺമെന്റ്’ എന്ന നിലയിലാണ് പ്രവർത്തിക്കുന്നതെന്ന് എം.എ. ബേബി വിമർശിച്ചു. നിരവധി കെട്ടിച്ചമച്ച ആരോപണങ്ങളെ നേരിട്ടിട്ടുള്ള പിണറായിക്കും പാർട്ടിക്കും ഈ നടപടിയെയും നിയമപരമായും രാഷ്ട്രീയമായും മറികടക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇ.ഡിയെ മുന്നിൽ നിർത്തി പാർട്ടിയെ തകർക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. നോട്ടീസ് ചുമരിൽ പതിക്കുകയും അത് വാർത്തയാക്കി പ്രചരിപ്പിക്കുകയും ചെയ്യുക വഴി അപമാനിക്കലാണ് ഇ.ഡി ലക്ഷ്യമിടുന്നത്. പിണറായി വിജയനെ ലക്ഷ്യം വെക്കുന്നത് സി.പി.എമ്മിനെ തളർത്താനാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള സ്വകാര്യ വസതിയിൽ ഇ.ഡി സംഘം നേരിട്ടെത്തിയാണ് വരും വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമൻസ് പതിപ്പിച്ചത്. നോട്ടീസ് പതിപ്പിക്കുന്ന സമയത്ത് പിണറായി വിജയനോ കുടുംബാംഗങ്ങളോ വീട്ടിലുണ്ടായിരുന്നില്ല. പിണറായി വിജയൻ നിലവിൽ കണ്ണൂരിലാണുള്ളത്. തപാൽ മാർഗ്ഗം വരാൻ സാധ്യതയുണ്ടായിരുന്ന നോട്ടീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വീടിന്റെ ചുമരിൽ പതിക്കുകയായിരുന്നു.

ഇന്നലെ ഇമെയിൽ വഴി നോട്ടീസ് അയച്ചിരുന്നുവെങ്കിലും പിണറായിയുടെ ഭാഗത്തുനിന്ന് കൈപ്പറ്റിയതായുള്ള മറുപടിയൊന്നും ലഭിച്ചിരുന്നില്ലെന്ന് ഇ.ഡി വിശദീകരിച്ചു. പി.എം.എൽ.എ (PMLA) നിയമപ്രകാരം സമൻസ് നേരിട്ട് ഏറ്റെടുക്കാൻ വിസമ്മതിക്കുകയോ ആളില്ലാതിരിക്കുകയോ ചെയ്താൽ താമസസ്ഥലത്ത് പതിപ്പിക്കാമെന്നത് സാധാരണ നിയമനടപടി മാത്രമാണെന്നും ഇതിൽ അസ്വാഭാവികതയില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

Pay-off Case: CPM Terms ED Summons at Pinarayi’s House ‘Political Drama’; Vows Legal and Political Fight

More Stories from this section

family-dental
witywide