
തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം അതിവേഗത്തിലാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള സ്വകാര്യ വസതിയിലെത്തി ഉദ്യോഗസ്ഥർ സമൻസ് ചുവരിൽ പതിപ്പിച്ചു. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സമൻസിലെ നിർദേശം. ഇ.ഡി സംഘം എത്തുമ്പോൾ പിണറായിയും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. തപാൽ മാർഗ്ഗം നോട്ടീസ് ലഭിക്കുമെന്ന് കരുതിയിരുന്ന സ്ഥാനത്താണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ചുമരിൽ നോട്ടീസ് പതിപ്പിച്ചത്. സംഭവം അറിഞ്ഞ് മുൻ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള മുതിർന്ന സി.പി.എം നേതാക്കൾ പ്രതിപക്ഷ നേതാവിന്റെ വീട്ടിലെത്തിയിട്ടുണ്ട്.
എന്നാൽ, ഇ.ഡി സമൻസ് ലഭിച്ചെങ്കിലും പിണറായി വിജയൻ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരായേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. നിയമസഭാ സമ്മേളനവും സുപ്രീംകോടതിയിലെ കേസും ചൂണ്ടിക്കാട്ടി അദ്ദേഹം ഇ.ഡിക്ക് മറുപടി നൽകിയേക്കും. ഈ മാസം 29 വരെ നിയമസഭാ സമ്മേളനം നീളുന്നതിനാൽ സഭയിൽ പങ്കെടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിക്കാനാണ് നീക്കം. ഹൈക്കോടതി വിധികളും എഫ്.ഐ.ആറും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയും ഇതിനായി ചൂണ്ടിക്കാണിക്കും.
സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും, അവധിയായതിനാൽ 26-ന് മാത്രമേ കേസ് സാധാരണയായി പരിഗണിക്കാൻ കഴിയൂ. എങ്കിലും പ്രത്യേക ബെഞ്ച് രൂപീകരിക്കുന്നത് ചീഫ് ജസ്റ്റിസ് പരിശോധിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. 23-ന് ഹാജരാകാതിരിക്കുകയും 26-ന് സുപ്രീംകോടതിയിൽ നിന്ന് സ്റ്റേ ഉത്തരവ് ലഭിക്കുകയും ചെയ്താൽ ഇ.ഡിയുടെ ചോദ്യമുനയിൽ പെടുന്നത് ഒഴിവാക്കാമെന്നാണ് വിലയിരുത്തൽ. അറസ്റ്റ് കോടതി തടഞ്ഞാലും അത് വലിയ ആശ്വാസമാകുമെന്ന് കണക്കാക്കിയാണ് ഈ നിയമനടപടികൾ.
സി.എം.ആർ.എൽ – എക്സാലോജിക് പണമിടപാടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആദ്യ ഇ.സി.ഐ.ആറിലെ (ECIR) അന്വേഷണമാണ് പിണറായിയിലേക്കും മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്കും നീണ്ടിരിക്കുന്നത്. പിണറായി ഒന്നാം പ്രതിയായി രജിസ്റ്റർ ചെയ്ത ഈ കേസിലെ അന്വേഷണത്തിനാണ് നിലവിൽ ഇ.ഡി ഊന്നൽ നൽകുന്നത്. പിണറായിക്ക് പുറമെ ഈ കേസിലെ പ്രതിയായ വീണ ടി. അടക്കമുള്ളവരെയും വീണ്ടും ചോദ്യം ചെയ്തേക്കും. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് റിയാസിനെതിരെ മറ്റൊരു ഇ.സി.ഐ.ആർ ഉള്ളത്. റിയാസിനുള്ള സമൻസ് ഉടനുണ്ടായേക്കില്ലെന്നാണ് സൂചന.
Pay-off Case: ED Pastes Summons at Pinarayi Vijayan’s Residence; Likely to Skip Friday’s Appearance















