തുലാമാസ പൂജകൾക്കായി ശബരിമല നടതുറന്നു, മുഖ്യമന്ത്രി സന്നിധാനത്ത്; ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർഥാടനകേന്ദ്രമാക്കുമെന്ന് മുഖ്യമന്ത്രി, ‘തിരുപ്പതി മോഡൽ സൗകര്യങ്ങൾ ഒരുക്കും’

തുലാമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രത്തിന്റെ നട തുറന്നു. ദർശനത്തിനായി ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി ഭക്തരാണ് ഇതിനകം എത്തിച്ചേർന്നിട്ടുള്ളത്. നട തുറന്നതിനു പിന്നാലെ പമ്പയിലെ അവലോകനയോഗം പൂർത്തിയാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ ശബരിമല സന്നിധാനത്ത് ദർശനത്തിനായി എത്തി. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പമ്പയിൽ നിന്നും യാത്ര തിരിച്ച മുഖ്യമന്ത്രി, കാൽനടയായി കാനനപാത മുഴുവൻ പിന്നിട്ട് വൈകിട്ട് അഞ്ചു മണിയോടെയാണ് സന്നിധാനത്ത് എത്തിച്ചേർന്നത്. ഇരുമുടിക്കെട്ടേന്താത്തതിനാൽ പതിനെട്ടാം പടിയിലൂടെയല്ല അദ്ദേഹം ദർശനം നടത്തിയത്. ദർശനത്തിനു ശേഷം മുഖ്യമന്ത്രി ഇന്നുതന്നെ തിരികെ മടങ്ങും.

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർഥാടനകേന്ദ്രമാക്കി മാറ്റുമെന്ന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിലുള്ള തീർഥാടന കാലയളവ് അവസാനിക്കുന്നതോടെ, ശബരിമലയിലെത്തുന്ന ഭക്തർക്കായി ആന്ധ്രാപ്രദേശിലെ തിരുപ്പതി മാതൃകയിലുള്ള ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കും. മണ്ഡല മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്താൻ വിളിച്ചുചേർത്ത വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഭക്തരുടെ സുഗമമായ ദർശനത്തിനും സുരക്ഷയ്ക്കുമായി പോലീസ്, അഗ്നിശേന സേനകളെ സേനാമേധാവികളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ വിന്യസിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പമ്പയിലെ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിലയ്ക്കലിൽ 6,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ജർമ്മൻ മാതൃകയിലുള്ള കൂറ്റൻ ഷെഡ് നിർമിക്കും. പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് മൂലമുണ്ടാകുന്ന മാലിന്യ പ്രശ്നങ്ങൾ തടയാൻ കർശന നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തും. കൂടാതെ, തീർഥാടകരുടെ ആരോഗ്യസുരക്ഷ മുൻനിർത്തി 22 മെഡിക്കൽ എമർജൻസി യൂണിറ്റുകൾ സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വഴിപാടുകളും പ്രസാദവിതരണവും പൂർണ്ണമായും ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അപ്പം, അരവണ തുടങ്ങിയ പ്രസാദങ്ങൾക്ക് ഇത്തവണ യാതൊരുവിധ ക്ഷാമവും ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഉറപ്പ് നൽകിയിട്ടുണ്ട്. റോഡ് സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധനകൾ ഉണ്ടാകും. ചാലക്കയം റോഡ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ 15 കോടി രൂപ ചെലവഴിച്ച് നവീകരിച്ചു വരികയാണെന്നും, ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തീർഥാടകരുടെ യാത്രാസൗകര്യത്തിനായി കെ.എസ്.ആർ.ടി.സി 461 പ്രത്യേക ബസുകൾ സജ്ജമാക്കിയിട്ടുണ്ട്. പ്രമുഖ ക്ഷേത്രങ്ങളെയും ശബരിമലയെയും ബന്ധിപ്പിച്ചുകൊണ്ട് പ്രത്യേക ‘ടെമ്പിൾ കണക്ടിവിറ്റി’യും ഉറപ്പാക്കും. ഇടത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം, തീർഥാടകർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ വിവിധ ആശുപത്രികളെ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ശബരിമലയിലും മാളികപ്പുറത്തും അടുത്ത ഒരു വർഷത്തേക്ക് മേൽശാന്തിമാരായി ചുമതലയേൽക്കേണ്ടവരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നാളെ (ഞായറാഴ്ച) രാവിലെ സന്നിധാനത്ത് നടക്കും.

Sabarimala Temple Opens for Thulamasa Poojas; CM VD Satheesan Announces Tirupati-Model Facilities for Pilgrims

More Stories from this section

family-dental
witywide