സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവ് നവി പിള്ളയെ വിമർശിക്കുന്ന പോസ്റ്റ് വീണ്ടും പങ്കുവച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദക്ഷിണാഫ്രിക്കൻ നിയമവിദഗ്ധയായ പിള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും കടുത്ത വിരോധിയാണെന്ന് ആരോപിക്കുന്ന പോസ്റ്റാണ് വെള്ളിയാഴ്ച ട്രംപ് വീണ്ടും പങ്കുവച്ചത്. പിള്ളയ്ക്ക് പുരസ്‌കാരം നൽകിയ നോബൽ കമ്മിറ്റിയെയും പോസ്റ്റ് വിമർശിച്ചു. സമാധാനം പ്രോത്സാഹിപ്പിക്കാൻ പിള്ള ഒന്നും ചെയ്തിട്ടില്ലെന്നും അതിൽ ആരോപിക്കുന്നു. ഷോൺലോ എന്ന അക്കൗണ്ടിന്റെ പോസ്റ്റാണ് ട്രംപ് പങ്കുവച്ചത്.
പിള്ളയെ തിരഞ്ഞെടുത്തതിലൂടെ നോബൽ കമ്മിറ്റി സ്വയം തിരുത്താനാകാത്ത വിധം അപമാനിതരായെന്നും പോസ്റ്റിൽ പറയുന്നു. ഭീകരരെയും ഹമാസിനെയും പിന്തുണച്ചെന്ന ആരോപണവും ഗാസയിൽ വംശഹത്യ നടന്നുവെന്ന ആരോപണങ്ങൾ അന്വേഷിച്ചതിനെതിരായ വിമർശനവും പോസ്റ്റിലുണ്ട്.“പിള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും പരസ്യമായ കടുത്ത വിരോധിയാണ്. ഭീകരരെ ആഘോഷിക്കുകയും ഹമാസിന് പ്രതിഫലം നൽകുകയും ചെയ്തു,” എന്നാണ് പോസ്റ്റിലെ ആരോപണം. സമാധാനം വളർത്താൻ പിള്ള ഒന്നും ചെയ്തിട്ടില്ലെന്നും അവരുടെ വിശ്വാസ്യത ചോദ്യം ചെയ്തും പോസ്റ്റിൽ പറയുന്നു.
നേരത്തെ, സമാധാന നൊബേൽ സമ്മാനം ലഭിച്ചതിനു പിന്നാലെ ജർമനിയിലെ ന്യൂറംബർഗിൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പുരസ്‌കാരം പങ്കിടാമെന്ന് പിള്ള തമാശയായി പറഞ്ഞിരുന്നു. 85കാരിയായ പിള്ളയുടെ പരാമർശത്തിന്റെ വിഡിയോ ആംനസ്റ്റി ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ആഗ്നസ് കാലമാർഡ് എക്സിൽ പങ്കുവച്ചു.“നിങ്ങൾ കുറച്ചുകൂടി കൈയടിച്ചാൽ ഈ പുരസ്‌കാരം ട്രംപുമായി പങ്കിടാം,” എന്നായിരുന്നു പിള്ളയുടെ വാക്കുകൾ. സമാധാന നൊബേൽ സ്വന്തമാക്കാനുള്ള ട്രംപിന്റെ ദീർഘകാല താൽപര്യത്തെ പരാമർശിച്ചായിരുന്നു ഈ തമാശയെന്നാണ് വിലയിരുത്തൽ.
ട്രംപിന്റെ നേട്ടങ്ങളെയും പോസ്റ്റ് ഉയർത്തിക്കാട്ടി. അബ്രഹാം കരാറുകൾ, ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ, റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ എന്നിവയാണ് ഇതിൽ പരാമർശിച്ചത്. ലോകം അസാധ്യമെന്ന് കരുതിയ അബ്രഹാം കരാറുകൾ ട്രംപ് നടപ്പാക്കിയെന്നും അവ വിപുലീകരിച്ചുകൊണ്ടിരിക്കുകയാണെന്നും പോസ്റ്റിൽ പറയുന്നു.
പ്രതീക്ഷയില്ലാത്ത സാഹചര്യമെന്ന് തോന്നിയ സമയത്തും ബന്ദികളെ മോചിപ്പിക്കാൻ ട്രംപ് സഹായിച്ചെന്നും അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രധാന പ്രായോജകനെന്ന് പോസ്റ്റ് വിശേഷിപ്പിച്ച ഇറാനെ തടയാൻ ശ്രമിക്കുകയാണെന്നും അവകാശപ്പെടുന്നു. ഭീകരർ നിയന്ത്രണം പിടിക്കാൻ ശ്രമിക്കുന്നതിനിടയിലും ഗാസ പുനർനിർമിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും പോസ്റ്റ് കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെയാണ് സമാധാന നോബൽ സമ്മാനം അംഗീകരിക്കേണ്ടതെന്നും അതിൽ പറയുന്നു.
അന്താരാഷ്ട്ര നിയമരംഗത്തെ പ്രവർത്തനങ്ങൾക്ക് പേരുകേട്ട ദക്ഷിണാഫ്രിക്കൻ ജഡ്ജിയാണ് നവി പിള്ള. റുവാണ്ടൻ വംശഹത്യ അന്വേഷിച്ച ട്രൈബ്യൂണലിന് നേതൃത്വം നൽകിയ അവർ പിന്നീട് ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തിയെന്നാരോപിച്ച ഐക്യരാഷ്ട്രസഭാ കമ്മിഷന്റെയും അധ്യക്ഷയായി. എന്നാൽ, കമ്മിഷന്റെ കണ്ടെത്തലുകൾ ഇസ്രയേൽ ശക്തമായി തള്ളിയിരുന്നു.വംശഹത്യാ ആരോപണം നേരിടുന്ന മ്യാൻമറിനെതിരായ കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിലും (ICJ) പിള്ള ജഡ്ജിയാണ്. അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിക്കാനും ഗുരുതര കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും അവർ ദീർഘകാലമായി പ്രവർത്തിച്ചുവരുന്നു.
അതേസമയം, യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ എന്നിവയ്ക്ക് ഉത്തരവാദികളായവരെ വിചാരണയ്ക്ക് വിധേയരാക്കുന്നതിൽ പിള്ള നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് നോർവീജിയൻ നോബൽ കമ്മിറ്റി അധ്യക്ഷൻ ജോർഗൻ വാറ്റ്നെ ഫ്രൈഡ്നസ് വ്യക്തമാക്കി.
‘Pillay is unabashed hater of America’: Trump reposts criticism of Nobel Peace Prize winner









