
മലപ്പുറത്ത് മുതിർന്ന സിപിഎം നേതാവും മുൻ എം.എൽ.എയുമായ പി. നന്ദകുമാർ നടത്തിയ വിവാദ പരാമർശം തള്ളാതെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സിപിഎം മലപ്പുറം വിശാല ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം നന്ദകുമാറിനെ പ്രതിരോധിച്ചത്. അതിശക്തമായ മതസൗഹാർദ്ദം നിലനിൽക്കുന്ന മലപ്പുറത്ത് വർഗീയ ശക്തികൾക്കും മതമൗലികവാദികൾക്കും അഴിഞ്ഞാടാൻ കഴിയില്ലെന്നും, ആ അന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് നന്ദകുമാർ പറഞ്ഞതെന്നും, അതിനെ രാഷ്ട്രീയ എതിരാളികൾ വക്രീകരിക്കുകയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി. അതേസമയം പിണറായിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. നന്ദകുമാറിനെ തിരുത്തിക്കാനോ നടപടിയെടുക്കുകയോ ചെയ്യാത്തതിൽ ആണ് പിണറായിക്ക് കരിങ്കൊടി കാട്ടിയതെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.
സംസ്ഥാനത്തെ യു.ഡി.എഫ് സർക്കാരിനെയും അവരുടെ നയങ്ങളെയും അദ്ദേഹം കടുപ്പത്തിൽ വിമർശിച്ചു. കോൺഗ്രസ് അധികാരത്തിൽ വന്നതുമുതൽ ആർ.എസ്.എസ് അജണ്ട നടപ്പിലാക്കുകയാണെന്നും, വന്ദേമാതരം പൂർണ്ണമായി ചൊല്ലിയതും കേന്ദ്രത്തിന്റെ വഖഫ് ബോർഡ് പരിഷ്കരണങ്ങളോട് കാണിക്കുന്ന മൃദുസമീപനവും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു. വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തുന്നതിനെതിരെ എൽ.ഡി.എഫ് കോടതിയെ സമീപിച്ചപ്പോൾ, ലീഗ് മന്ത്രിയുടെ നേതൃത്വത്തിൽ ബോർഡ് പിരിച്ചുവിടാനാണ് യു.ഡി.എഫ് ശ്രമിച്ചതെന്നും കേന്ദ്രത്തിന്റെ പി.എം. ശ്രീ പദ്ധതി വിഷയം ഉയർത്തിക്കാട്ടി അദ്ദേഹം കുറ്റപ്പെടുത്തി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്ന അക്രമ സംഭവങ്ങളിൽ പോലീസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നടപടികളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഹോസ്റ്റലിലേക്ക് തീപ്പന്തവും കല്ലെറിഞ്ഞും യൂത്ത് കോൺഗ്രസ് നടത്തിയ അക്രമത്തെ ചെറുക്കുന്നതിന് പകരം പോലീസ് ഹോസ്റ്റലിൽ കയറി വിദ്യാർത്ഥികളെയും എസ്.എഫ്.ഐ നേതാക്കളെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് അധ്യക്ഷനായ മന്ത്രിയുടെ നേതൃത്വത്തിലാണ് അക്രമങ്ങൾ നടന്നതെന്നും, പരിക്കേറ്റവരെ കൊണ്ടുപോയ ആംബുലൻസ് വരെ തടഞ്ഞ യൂത്ത് കോൺഗ്രസിനും ഉത്തരവാദിത്വം മറന്ന പോലീസിനുമെതിരെ അടിയന്തര നടപടി വേണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
Pinarayi Vijayan Defends P Nandakumar’s Malappuram Remarks, Launches Fierce Attack on UDF and Police














