
ഡെൻവർ: അമേരിക്കയിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫിനൊരുങ്ങിയ വിമാനം റൺവേയിലുണ്ടായിരുന്ന ആളെ ഇടിച്ചു. ഡെൻവറിൽ നിന്നും ലോസ് ഏഞ്ചൽസിലേക്ക് പോകുകയായിരുന്ന ഫ്രോണ്ടിയർ എയർലൈൻസിൻ്റെ 4345-ാം നമ്പർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. റൺവേ 17L-ലൂടെ വിമാനം വേഗതയിൽ നീങ്ങുന്നതിനിടെയാണ് ഒരാൾ മുന്നിൽപ്പെട്ടത്. വിമാനം ഇടിച്ചതിനെത്തുടർന്ന് എഞ്ചിന് തീപിടിക്കുകയും പുക ഉയരുകയും ചെയ്തു. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ പൈലറ്റ് ടേക്ക് ഓഫ് ഒഴിവാക്കിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
വിമാനത്തിലുണ്ടായിരുന്ന 224 യാത്രക്കാരെയും ഏഴ് ജീവനക്കാരെയും എമർജൻസി സ്ലൈഡുകൾ വഴി സുരക്ഷിതമായി പുറത്തെത്തിച്ചു. അതീവ സുരക്ഷാ മേഖലയായ റൺവേയിൽ ഈ വ്യക്തി എങ്ങനെ എത്തി എന്നതിനെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു. വിമാനം ഇടിച്ച ആൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് ഗൗരവമായ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Plane hits pedestrian on runway; major safety lapse during takeoff at Denver airport















