‘ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് വലിയ കാര്യമല്ല, ഒരു ദിവസത്തെ ആഘോഷത്തിലാണോ മലിനീകരണം?’; പടക്ക നിരോധന വാദങ്ങളെ പരിഹസിച്ച് യോഗി ആദിത്യനാഥ്

ലഖ്‌നൗ: ദീപാവലി ആഘോഷവേളകളിൽ പടക്കം പൊട്ടിക്കുന്നത് വലിയ കാര്യമാക്കേണ്ടതില്ലെന്നും മലിനീകരണം ഉണ്ടായാൽത്തന്നെ അത് കാലക്രമേണ മാറിക്കൊള്ളുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡൽഹി-എൻസിആർ മേഖലയിലടക്കം രാജ്യത്തുടനീളം വായു മലിനീകരണം അതിരൂക്ഷമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഈ വിവാദ പരാമർശം.

ധന്തേരസ്, ദീപാവലി ആഘോഷങ്ങളിൽ ജനങ്ങൾ ആവേശത്തോടെ പടക്കം പൊട്ടിച്ചതിനെ അദ്ദേഹം പ്രശംസിച്ചു. അഴിമതിയിലൂടെ ഒരു വ്യവസ്ഥിതിയെ മുഴുവൻ മലിനമാക്കുന്നവരെ ആരും ചോദ്യം ചെയ്യുന്നില്ലെന്നും, എന്നാൽ ജനങ്ങൾ ഒരു ദിവസം പടക്കം പൊട്ടിച്ച് സന്തോഷം പ്രകടിപ്പിക്കുമ്പോൾ മാത്രം മലിനീകരണത്തെക്കുറിച്ച് ചർച്ചകൾ ഉയർന്നുവരികയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മറ്റുള്ളവർ ഉത്സവങ്ങൾ ആഘോഷിക്കുമ്പോൾ മാത്രമാണ് ചിലർക്ക് മലിനീകരണത്തെക്കുറിച്ച് ഓർമ്മ വരുന്നതെന്നും യോഗി പരിഹസിച്ചു.

തന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ദീപാവലി ആഘോഷങ്ങൾക്ക് യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്നും എല്ലാവരെയും സ്വതന്ത്രമായി ഉത്സവം ആഘോഷിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയിലെ തന്റെ ദീപാവലി ആഘോഷങ്ങൾ അനുസ്മരിച്ച മുഖ്യമന്ത്രി, താനും കരിമരുന്ന് പ്രയോഗത്തിൽ പങ്കാളിയായതായും കൂട്ടിച്ചേർത്തു.

അതേസമയം, ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ രാജ്യത്തെ വിവിധ നഗരങ്ങളിൽ വായു ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണ്. തലസ്ഥാന നഗരിയെയും നോയിഡ, ഗുരുഗ്രാം തുടങ്ങിയ സമീപ പ്രദേശങ്ങളെയും കനത്ത പുകമഞ്ഞ് മൂടിയിരിക്കുകയാണ്. പകുതിയിലധികം നിരീക്ഷണ കേന്ദ്രങ്ങളിലും വായു ഗുണനിലവാര സൂചിക (AQI) ‘ഗുരുതര’ (Severe) വിഭാഗമായ 400 കടന്നു. കഴിഞ്ഞ വർഷത്തേക്കാൾ മോശം സാഹചര്യമാണ് നിലവിൽ ഡൽഹിയിലുള്ളത്.

Yogi Adityanath mocks arguments for a firecracker ban.

Also Read

More Stories from this section

family-dental
witywide