
പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 15 മുതൽ അഞ്ച് ദിവസത്തെ വിദേശ പര്യടനം നടത്തും. യുഎഇ, നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ അഞ്ച് രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ യാത്രയ്ക്ക് വലിയ നയതന്ത്ര പ്രാധാന്യമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മെയ് 20-ന് സന്ദർശനം പൂർത്തിയാക്കി അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തും.
മെയ് 15-ന് യുഎഇയിൽ എത്തുന്ന പ്രധാനമന്ത്രി ഷെയ്‌ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാനുമായി കൂടിക്കാഴ്‌ച നടത്തും. തുടർന്ന് നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിൽ വിവിധ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം മെയ് 19-ന് ഇറ്റലിയിലെത്തും. മെയ് 19-ന് നോർവേയിൽ നടക്കുന്ന ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. ഡെന്മാർക്ക്, ഫിൻലൻഡ്, ഐസ്‌ലൻഡ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുമായി പ്രധാനമന്ത്രി ചർച്ച നടത്തും.
കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഈ പര്യടനം ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിലാണ് ഈ വർഷത്തേക്ക് മാറ്റിവെച്ചത്. നേരത്തെ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ മാത്രമായിരുന്നു തീരുമാനമെങ്കിലും അവസാന നിമിഷം യുഎഇയെ കൂടി പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. വിവിധ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രധാന ആഗോള വിഷയങ്ങളും ഉച്ചകോടിയിൽ ചർച്ചയാകും.
PM Narendra Modi to Embark on 5-Day Visit to 5 Countries Starting May 15














